മമത നന്തിഗ്രാമില്‍ ജനവിധി തേടും; തൃണമൂല്‍ പട്ടികയില്‍ 50 വനിതകള്‍, 42 മുസ്‌ലിംകള്‍, 79 പട്ടിക ജാതിക്കാര്‍

20 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല. പാര്‍ഥ ഛത്തോബാധ്യായ, അമിത് മിത്ര എന്നി മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല.80 വയസിന് മുകളിലുള്ളവരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Update: 2021-03-05 09:54 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി പുറത്തുവിട്ടു. ആകെയുള്ള 294 നിയമസഭാ മണ്ഡലങ്ങളില്‍ 291 സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

തൃണമൂല്‍ നേതാവ് മമത ബാനര്‍ജി നന്തിഗ്രാമില്‍നിന്ന് ജനവിധി തേടും. 20 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല. പാര്‍ഥ ഛത്തോബാധ്യായ, അമിത് മിത്ര എന്നി മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല.80 വയസിന് മുകളിലുള്ളവരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടക്കന്‍ ബംഗാളിലെ മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ മറ്റു ചിലരുമായി ചേര്‍ന്ന് സൗഹൃദ മല്‍സരമാണ് നടക്കുക എന്ന് മമത ബാനര്‍ജി പറഞ്ഞു. പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ 50 വനിതകളും 42 മുസ്‌ലിംകളും 79 പട്ടിക ജാതിക്കാരും 17 പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും പട്ടികയില്‍ ഇടംപിടിച്ചു.

കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജിയുടെ ഭാര്യ രത്‌ന ചാറ്റര്‍ജി ബെഹല പുര്‍ബയില്‍ നിന്ന് മല്‍സരിക്കും. നേരത്തെ സോവന്‍ ചാറ്റര്‍ജിയുടെ സീറ്റായിരുന്നു ഇത്. ഒട്ടേറെ വിവാദങ്ങളില്‍പെട്ട സോവന്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. ധനമന്ത്രി അമിത് മിത്രയെ ആരോഗ്യ കാരണങ്ങളാലാണ് മല്‍സരിപ്പിക്കാത്തത് എന്ന് മമത പറഞ്ഞു. ഈ വര്‍ഷം ബജറ്റ് അവതരിപ്പിക്കുന്നതിന് പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

നേരത്തെ മമത ബാനര്‍ജി മല്‍സരിച്ചിരുന്നത് കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ മണ്ഡലത്തിലായിരുന്നു. ഇത്തവണ ഈ സീറ്റില്‍ മന്ത്രി സോവന്‍ദേബ് ചാറ്റര്‍ജിയാണ് മല്‍സരിക്കുക. മമത നന്തിഗ്രാമിലേക്ക് മാറി. നേരത്തെ മമത രണ്ടുസീറ്റിലും മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നന്തിഗ്രാമില്‍ മാത്രമാണ് അവര്‍ ജനവിധി തേടുക. ഇവിടെ മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുക എന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇത്തവണ ബംഗാളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മല്‍സരം നടക്കുന്ന സീറ്റാകും നന്തിഗ്രാം.വെള്ളിയാഴ്ച സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കല്‍ മമതയുടെ പതിവ് രീതിയാണ്. 2016ലും 2011ലും മമത വെള്ളിയാഴ്ചയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സഹായത്തോടെയാണ് സ്ഥാനാര്‍ഥികളെ തൃണമൂല്‍ കോണ്‍ഗ്രസ് കണ്ടെത്തിയത്. ഓരോ മണ്ഡലത്തിലും സര്‍വ്വെ നടത്തി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പ്രശാന്ത് കിഷോര്‍ മമതയ്ക്ക് കൈമാറിയിരുന്നു. ബിജെപിക്ക് 100 സീറ്റിന് മുകളില്‍ കിട്ടിയാല്‍ ഈ ജോലി താന്‍ നിര്‍ത്തുമെന്ന്് പ്രശാന്ത് കിഷോര്‍ വെല്ലുവിളി മുഴക്കിയിരുന്നു.

Tags:    

Similar News