പശ്ചിമബംഗാളിലും ഒമിക്രോണ്‍; രാജ്യത്ത് ആകെ 64 കേസുകള്‍
ഹൈദരാബാദില്‍നിന്ന് എത്തിയ ഏഴ് വയസ്സുകാരനാണ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗബാധയില്ലെന്നാണ് പരിശോധനാ ഫലം.
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ പശ്ചിമ ബംഗാളിലും സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്ന് എത്തിയ ഏഴ് വയസ്സുകാരനാണ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗബാധയില്ലെന്നാണ് പരിശോധനാ ഫലം. ഹൈദരാബാദില്‍നിന്ന് മുര്‍ഷിദാബാദ് ജില്ലയിലാണ് കുട്ടി എത്തിയതെന്നാണ് റിപോര്‍ട്ട്. ഹൈദരാബാദില്‍ രണ്ട് വിദേശ പൗരന്‍മാര്‍ക്കും ഒമിക്രോണ്‍ പോസിറ്റീവ് റിപോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആദ്യ വ്യക്തി ഡിസംബര്‍ 12ന് വന്നിറങ്ങിയ 24 കാരനായ കെനിയന്‍ പൗരനാണെന്നും മറ്റൊരാള്‍ സൊമാലിയയില്‍നിന്നുള്ള 23 കാരനാണെന്നും തെലങ്കാന പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ജി ശ്രീനിവാസ റാവു അറിയിച്ചു. തെലങ്കാനയില്‍ ഇപ്പോള്‍ ആകെ മൂന്ന് കേസുകളാണുള്ളത്. അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 64 ആയി ഉയര്‍ന്നു. ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്.
വൈറസിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാര്‍ ഇന്ത്യയിലെത്തിയ ഉടന്‍തന്നെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാവുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇതിനുള്ള സൗകര്യമൊരുക്കുക. യൂറോപ്യന്‍ രാജ്യങ്ങളിലും യുകെയിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു, അടുത്ത മാസത്തോടെ ഇത് കൂടുതല്‍ തീവ്രമാവുമെന്ന് വിദഗ്ധര്‍ പറഞ്ഞു.