കൊല്‍ക്കത്ത: കൊവിഡ് ബാധിച്ച് മരണപ്പെട്ട പിതാവിന്റെ മൃതദേഹം ഒരുനോക്കു കാണാന്‍ മകനോട് സ്വകാര്യ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് അര ലക്ഷത്തിലേറെ രൂപ. ഒടുവില്‍ പണം നല്‍കാനാവാത്തതിനാല്‍ പിതാവിന്റെ മൃതദേഹം കാണിക്കാതെ സംസ്‌കരിച്ചു. പശ്ചിമബംഗാളിലെ ഹരിഗുപ്തയുടെ മകന്‍ സാഗര്‍ ഗുപ്തയ്ക്കാണു ഈ ഗതിയുണ്ടായത്. ശനിയാഴ്ച അര്‍ധരാത്രിയാണ് കൊവിഡ് ബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഹരിഗുപ്ത മരണപ്പെട്ടത്. എന്നാല്‍, ഞായറാഴ്ച വൈകീട്ട് വരെ മരണവിവരം ആശുപത്രി അധികൃതര്‍ അറിയിച്ചില്ലെന്ന് മകന്‍ സാഗര്‍ ഗുപ്ത പറഞ്ഞു. വൈകീട്ടോടെ മണവിവരം ആശുപത്രി അധികൃതര്‍ ഫോണില്‍ വിളിച്ച് അറിയിച്ചു. ഇത്രയും വൈകിയതിന്റെ കാരണം ചോദിച്ചപ്പോള്‍ ബന്ധപ്പെടാനുള്ള നമ്പര്‍ അറിയില്ലെന്നായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
പിതാവ് മരണപ്പെട്ടതറിഞ്ഞ് ആശുപത്രിയില്‍ എത്തിയെങ്കിലും മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് എത്തിച്ചിരുന്നു. ഇതറിഞ്ഞ ബന്ധുക്കള്‍ മൃതദേഹം ഒരുനോക്ക് കാണാന്‍ അനുവദിക്കണമെന്ന് ആശുപത്രി അധികൃതരോട് അപേക്ഷിച്ചു. എന്നാല്‍, മൃതദേഹം കാണണമെങ്കില്‍ 51,000 രൂപ നല്‍കണമെന്നായിരുന്നു മറുപടി. തുകയെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് 31,000 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഇതോടെ, കുടുംബം പോലിസില്‍ വിവരമറിയിച്ചു. ഇതനുസരിച്ച് പോലിസുകാരനെത്തി സംസാരിച്ചെങ്കിലും ആശുപത്രി അധികൃതര്‍ വഴങ്ങിയില്ലെന്ന് മകന്‍ ആരോപിച്ചു. ആശുപത്രി അധികൃതരുമായുള്ള ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും കുടുംബം ആരോപിക്കുന്നു. ഒടുവില്‍ കുടുംബം പണം നല്‍കാതിരുന്നതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കാണിക്കാതെ സംസ്‌കരിച്ചെന്നാണു ആരോപണം.