ചിറ്റാരിക്കാല്‍: ഭാര്യയ്ക്കും മകനും നേരെ ആസിഡ് ബാള്‍ ആക്രമണം നടത്തിയ പിതാവ് അറസ്റ്റില്‍. പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ പിവി സിദ്ധുനാഥ് (20) കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്പല്ലൂരിലെ പിവി സുരേന്ദ്രനാഥാണ് (49) അറസ്റ്റിലായത്. ചിറ്റാരിക്കാല്‍ പോലിസ് ഇന്‍സ്പെക്ടര്‍ പ്രേംലാലാണ് ശനിയാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ ചിറ്റാരിക്കാല്‍ പോലിസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. സുരേന്ദ്രനാഥ് വീട്ടില്‍വെച്ച് ഭാര്യക്കുനേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഐസ്ക്രീം എന്ന വ്യാജേന ബാള്‍ ഐസ്ക്രീമില് സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ്ക്രീംബാള് ആസിഡ് സിദ്ധുനാഥിന്റെ മേല്‍ വീണത്.
പുറത്താണ് ആസിഡ് ബാള്‍ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുമ്പ് ഭാര്യയെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇതുസംബന്ധിച്ച് പയ്യന്നൂര്‍ പോലിസില്‍ നിലനില്‍ക്കുന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആസിഡ് ആക്രമണം. സയന്റിഫിക് വിഭാഗം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.