ബംഗാളില്‍ വീണ്ടും തിരിച്ചുപോക്ക്; മൂന്നാമത്തെ ബിജെപി എംഎല്‍എ തൃണമൂലില്‍

ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അസന്തുഷ്ടിയും അസ്വസ്ഥതയുമാണുള്ളത്. 'ഞാന്‍ ഒരു തെറ്റ് ചെയ്തു, ഇപ്പോള്‍ തെറ്റ് മനസ്സിലാക്കി തിരികെ വരാന്‍ ആഗ്രഹിച്ചു- തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നശേഷം ബിശ്വജിത് ദാസ് പ്രതികരിച്ചു.

Update: 2021-08-31 12:07 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എംഎല്‍എമാരുടെ തിരിച്ചുപോക്ക് തുടരുന്നു. മൂന്നാമത്തെ ബിജെപി എംഎല്‍എമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഷ്ണുപുര്‍ എംഎല്‍എ തന്‍മയ് ഘോഷ് തൃണമൂലിലെത്തിയതിന് പിന്നാലെ ഇന്ന് ബിശ്വജിത് ദാസാണ് പാര്‍ട്ടി വിട്ടത്. 24 മണിക്കൂറിനിടെ ബിജെപി വിടുന്ന രണ്ടാമത്തെ എംഎല്‍എയാണ് ബിശ്വജിത് ദാസ്. തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്ന ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലെത്തിയത്.

ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അസന്തുഷ്ടിയും അസ്വസ്ഥതയുമാണുള്ളത്. 'ഞാന്‍ ഒരു തെറ്റ് ചെയ്തു, ഇപ്പോള്‍ തെറ്റ് മനസ്സിലാക്കി തിരികെ വരാന്‍ ആഗ്രഹിച്ചു- തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നശേഷം ബിശ്വജിത് ദാസ് പ്രതികരിച്ചു. നേരത്തെ രണ്ടുതവണ തൃണമൂല്‍ എംഎല്‍എ ആയിരുന്ന ബിശ്വജിത് ദാസ് ബോങ്കോണില്‍ (നോര്‍ത്ത്) നിന്നാണ് മല്‍സരിച്ചിരുന്നത്. മുകുള്‍ റോയ് അടക്കം ഇത് മൂന്നാമത്തെ ബിജെപി എംഎല്‍എയാണ് തൃണമൂലിലേക്ക് തിരിച്ചെത്തുന്നത്. ബിശ്വജിത് ദാസ് ബിജെപിയില്‍ ചേര്‍ന്നത് മുതല്‍ നേതാക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു.

ബോങ്കോണില്‍ (നോര്‍ത്ത്) സീറ്റില്‍നിന്ന് മല്‍സരിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. പക്ഷേ, ബാഗ്ഡയില്‍നിന്ന് മല്‍സരിക്കാന്‍ ബിജെപി നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അന്നുമുതല്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂലിലേക്ക് തിരിച്ചുപോവുന്നതില്‍നിന്ന് മുകുള്‍ റോയിയും അര്‍ജുന്‍ സിങ്ങും അദ്ദേഹത്തെ തടഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മുകുള്‍ റോയ് തൃണമൂലില്‍ തിരിച്ചെത്തിയതോടെ ബിശ്വജിത് ദാസും തിരികെ പോവാന്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

എന്നാല്‍, ഇപ്പോള്‍ 72 എംഎല്‍എമാര്‍ മാത്രമേ അവര്‍ക്കുള്ളൂ. എംപി സ്ഥാനം നിലനില്‍ക്കേ മല്‍സരിച്ച് ജയിച്ച രണ്ട് ബിജെപി എംഎല്‍എമാര്‍ പിന്നീട് രാജിവച്ചിരുന്നു. ഇതിനിടെ മുകുള്‍ റോയിയുമായി അടുത്തുനില്‍ക്കുന്ന നിരവധി ബിജെപി എംഎല്‍എമാരും നേതാക്കളും വരുംദിവസങ്ങളില്‍ തൃണമൂലിലേക്കെത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. കൂടുതല്‍ എംഎല്‍എമാര്‍ ബിജെപി വിടാന്‍ തയ്യാറാണെന്നും ദിനാജ്പൂര്‍ എംഎല്‍എയും ടിഎംസിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News