യുക്രെയ്‌നില്‍ റഷ്യ രാസായുധങ്ങള്‍ പ്രയോഗിച്ചേക്കാം; മുന്നറിയിപ്പുമായി അമേരിക്ക
വാഷിങ്ടണ്‍: യുക്രെയ്‌നില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനിടെ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുക്രെയ്ന്‍ രാസായുധം വികസിപ്പിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെയാണ് ബൈഡന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയാണ് കഴിഞ്ഞ ദിവസം യുക്രെയ്‌നെതിരേ ആരോപണമുന്നയിച്ചത്. യുക്രെയ്ന്‍ രാസ, ജൈവായുധ ലാബുകള്‍ നടത്തുന്നുണ്ടെന്നായിരുന്നു ആരോപണം. പെന്റഗണ്‍ സഹായത്തോടെ യുക്രെയ്‌നില്‍ നടപ്പാക്കിയ ജൈവായുധ ലാബുകളുടെ പദ്ധതി എന്താണെന്ന് യുഎസ് വെളിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, റഷ്യയുടെ ആരോപണം അസംബന്ധമാണെന്നും ജൈവായുധമോ രാസായുധമോ യുക്രെയ്‌നെതിരേ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കത്തിന്റെ ഭാഗമാവാം ഈ ആരോപണമെന്നുമാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. റഷ്യയുടെ വ്യക്തമായ തന്ത്രമാണിത്. യുക്രെയ്‌നെതിരേ ഇത്തരം ആയുധം ഉപയോഗിച്ച് മുന്‍കൂട്ടി നിശ്ചയിച്ച ആക്രമണം നടത്തുന്നതിന് ന്യായീകരണം നടത്താനുള്ള പദ്ധതിയാണ് റഷ്യയുടെ ആരോപണമെന്നും സാക്കി ട്വീറ്റ് ചെയ്തു. ഇപ്പോള്‍ റഷ്യയുടെ തെറ്റായ അവകാശവാദങ്ങളെ ചൈന അനുകൂലിക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. ഇത് ആശങ്ക ജനിപ്പിക്കുന്നതാണ്.
അധിനിവേശം ന്യായീകരിക്കുന്നതിന് കാരണം കണ്ടെത്തുകയാണ് റഷ്യ. ഇത് റഷ്യയുടെ അപകടകരമായ നീക്കമാണ്. യുക്രെയ്‌നില്‍ റഷ്യ രാസ, ജൈവ ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നതില്‍ നമ്മളെല്ലാവരും ജാഗ്രത പുലര്‍ത്തണം. നേരത്തെ സിറിയിന്‍ ആഭ്യന്തര യുദ്ധത്തിലുള്‍പ്പെടെ റഷ്യന്‍ സൈന്യം രാസായുധം പ്രയോഗിച്ചെന്ന ആരോപണമുണ്ടായിരുന്നു. യുക്രെയ്‌നിലും മറ്റ് രാജ്യങ്ങളിലും വര്‍ഷങ്ങളായി റഷ്യക്കാരില്‍നിന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് കണ്ട തെറ്റായ പ്രവര്‍ത്തനമാണിത്.
കെമിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷനും ബയോളജിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷനും കീഴിലുള്ള നിബന്ധനകള്‍ യുഎസ് പൂര്‍ണമായി പാലിക്കുന്നുണ്ട്. അത്തരം ആയുധങ്ങള്‍ എവിടെയും വികസിപ്പിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നില്ലെന്നും സാകി പറഞ്ഞു. റഷ്യ തന്നെ ചെയ്യുന്ന നിയമലംഘനങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ ആരോപിക്കുന്നതിന്റെ ട്രാക്ക് റെക്കോര്‍ഡ് റഷ്യക്കുണ്ട്. ഡിസംബറില്‍ യുക്രെയ്‌നില്‍ രാസായുധങ്ങളുമായി കരാറുകാരെ വിന്യസിച്ചിരുന്നു. യുക്രെയ്‌നിന് മേലുള്ള ആസൂത്രിതവും പ്രകോപനരഹിതവും നീതീകരിക്കപ്പെടാത്തതുമായ ആക്രമണത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന റഷ്യയുടെ വ്യക്തമായ തന്ത്രമാണിത്- അവര്‍ കൂട്ടിച്ചേര്‍ത്തു.