'ഞങ്ങള്‍ ഭയക്കാന്‍ ശീലിച്ചിട്ടില്ല. മുട്ടുകുത്താനും'; ഡോ. കഫീല്‍ ഖാന്റെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു (വീഡിയോ)

പ്രസംഗത്തില്‍ ഡോ.കഫീല്‍ ഖാന്‍ പറഞ്ഞത് ഇങ്ങനെ,' അമിത് ഷാ രാജ്യത്തെ ജനങ്ങളോട് മനുഷ്യരാകാനല്ല പറയുന്നത്, അവരെ ഹിന്ദുവും മുസല്മാനുമായി മാറാനാണ് പറയുന്നത്. അമിത് ഷായുടെ കുപ്പായത്തില്‍ നിരവധി പേരുടെ ചോരക്കറ പുരണ്ടിട്ടുണ്ട്. രൂപീകരിക്കപ്പെട്ട തൊട്ടേ ആര്‍എസ്എസ് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല'.

Update: 2020-09-02 05:34 GMT

ന്യൂഡല്‍ഹി: 'ഇന്ത്യ ഞങ്ങളുടേത് കൂടിയാണ്. ഞങ്ങളെ ഇവിടെ നിന്ന് ഓടിക്കാന്‍ നിങ്ങളായിട്ടില്ല. 25 കോടി മുസ്‌ലിംകളുണ്ടിവിടെ. ഇല്ലാക്കഥകള്‍ പറഞ്ഞോ, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തിയോ ഇല്ലാതാക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഭയക്കാന്‍ ശീലിച്ചിട്ടില്ല. മുട്ടുകുത്താനും, എത്ര പേടിപ്പിക്കാന്‍ ശ്രമിച്ചാലും, പൂര്‍വാധികം ശക്തിയോടെ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും'. ഡോ. കഫീല്‍ ഖാനെ തടവില്‍ തള്ളാന്‍ ഉത്തര്‍ പ്രദേശ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച അലിഗഢ് പ്രസംഗത്തിലെ അവസാന ഭാഗമാണിത്. അലഹാബാദ് കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് നേടി പുറത്തിറങ്ങുമ്പോള്‍ ഡോ. കഫീല്‍ ഖാന്റെ അന്നത്തെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുകയാണ്.

Full View

ജനുവരി 29 ന് രാത്രി ഏറെ വൈകി മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് കഫീല്‍ ഖാന്‍ അറസ്റ്റിലായത്. യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ അഭ്യര്‍ത്ഥനപ്രകാരം മുംബൈ പോലിസ് ആണ് ഡോ.ഖാനെ അറസ്റ്റുചെയ്ത് കൈമാറിയത്. കാരണമായി അവര്‍ പറഞ്ഞത് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പരിസരത്തുവെച്ച്, ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ അദ്ദേഹം നടത്തിയ ഒരു പ്രസംഗവും. അത്യന്തം പ്രകോപനപരമായിരുന്നു ആ പ്രസംഗമെന്നും, അത് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് എന്നും ആരോപിച്ചുകൊണ്ട് ഐപിസിയുടെ 153(അ) വകുപ്പ് ചുമത്തിയാണ് കഫീല്‍ ഖാന്‍ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുകയും അക്രമത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ വകുപ്പില്‍ പരാമര്‍ശിക്കുന്ന കുറ്റം.

എന്നാല്‍, ആ പ്രസംഗം മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നതല്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. ആ പ്രസംഗത്തില്‍ ഡോ.കഫീല്‍ ഖാന്‍ പറഞ്ഞത് ഇങ്ങനെ,' അമിത് ഷാ രാജ്യത്തെ ജനങ്ങളോട് മനുഷ്യരാകാനല്ല പറയുന്നത്, അവരെ ഹിന്ദുവും മുസല്മാനുമായി മാറാനാണ് പറയുന്നത്. അമിത് ഷായുടെ കുപ്പായത്തില്‍ നിരവധി പേരുടെ ചോരക്കറ പുരണ്ടിട്ടുണ്ട്. രൂപീകരിക്കപ്പെട്ട തൊട്ടേ ആര്‍എസ്എസ് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല. അമിത് ഷായും അങ്ങനെ തന്നെ. ഈ നിയമം മുസ്‌ലിംകളെ രണ്ടാം കിട പൗരന്മാരാക്കി മാറ്റുന്ന ഒന്നാണ്. ഇത് നടപ്പിലായാല്‍ എന്‍ആര്‍സിയുടെ പേരില്‍ അവര്‍ ദ്രോഹിക്കപ്പെടും എന്നുറപ്പാണ്.'

'ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ അസ്തിത്വമാണ്. ഇത് നമ്മുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരമാണ്. ഈ നിയമത്തിനെതിരെ പോരാടുകയല്ലാതെ നമുക്ക് വേറെ മാര്‍ഗമില്ല...' താടിയുള്ളവരൊക്കെ ഭീകരവാദികളാണ് എന്നാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നത്. ഈ നിയമത്തിലൂടെ ഇന്ത്യ നമ്മുടെ രാജ്യമല്ല എന്നാണ് ബിജെപി പറയാന്‍ ശ്രമിക്കുന്നത്. ഡോ. ഖാന്‍ പറഞ്ഞു. ' ഇന്ത്യ ഞങ്ങളുടേത് കൂടിയാണ്. ഞങ്ങളെ ഇവിടെ നിന്ന് ഓടിക്കാന്‍ നിങ്ങളായിട്ടില്ല. 25 കോടി മുസ്ലീങ്ങളുണ്ടിവിടെ. ഇല്ലാക്കഥകള്‍ പറഞ്ഞോ, ആള്‍ക്കൂട്ടങ്ങളെക്കൊണ്ട് ലിഞ്ചിങ് നടത്തിയോ ഇല്ലാതാക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഭയക്കാന്‍ ശീലിച്ചിട്ടില്ല. മുട്ടുകുത്താനും, എത്ര പേടിപ്പിക്കാന്‍ ശ്രമിച്ചാലും, പൂര്‍വാധികം ശക്തിയോടെ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.' എന്നുപറഞ്ഞുകൊണ്ടാണ് കഫീല്‍ ഖാന്‍ തന്റെ ഇരുപതു മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ചത്.

ഡല്‍ഹിയിലെ ഷാഹീന്‍ ബാഗ് മാതൃകയില്‍ മുംബൈയില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരിക്കുന്ന മുംബൈ ബാഗില്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാന്‍ വേണ്ടി വന്നതായിരുന്നു കഫീല്‍ ഖാന്‍. ജനുവരി 30 ന് രാവിലെ 11 മണിക്ക് അവിടെ പ്രസംഗിക്കാനിരുന്നതായിരുന്നു ഖാന്‍. അതിനു മുമ്പുതന്നെ യുപി എസ്ടിഎ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വര്‍ഷങ്ങളായി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് ഡോ. കഫീല്‍ ഖാന്‍. അദ്ദേഹം ജോലി ചെയ്തിരുന്ന ഉത്തര്‍ പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമയത്തിന് കിട്ടാതെ അറുപതിലധികം നവജാത ശിശുക്കള്‍ മരണപ്പെട്ട സാഹചര്യമുണ്ടായിരുന്നു. അന്ന് ഡോ. കഫീല്‍ ഖാന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും, ഓക്‌സിജന്‍ സിലിണ്ടറുകളുടെ വാങ്ങല്‍ പ്രക്രിയയില്‍ ഖാന്‍ അഴിമതി കാണിച്ചു എന്നും ആരോപിച്ച് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഈ കേസുകളുടെ പേരില്‍ ഡോ. ഖാന്‍ അറസ്റ്റിലാവുകയും, ദീര്‍ഘകാലം ജയിലില്‍ കഴിയുകയുമുണ്ടായി.

സംഭവം നടക്കുമ്പോള്‍ ഡോ. ഖാന്‍ അല്ലായിരുന്നു ആശുപത്രിയിലെ എന്‍സഫലൈറ്റിസ് വാര്‍ഡിന്റെ നോഡല്‍ ഓഫീസര്‍ എന്നും, യാതൊരു ചുമതലകളും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാന്‍ കുട്ടികള്‍ മരിക്കാതിരിക്കാന്‍ വേണ്ടി സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നു എന്നും പിന്നീട് വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തപ്പെട്ടിരുന്നു. നിരപരാധിയായ ഡോ. കഫീല്‍ ഖാന് ജയിലില്‍ ചെലവിടേണ്ടി വന്നത് നീണ്ട ഒമ്പതു മാസങ്ങളാണ്. അതിന് ശേഷവും കഫീല്‍ ഖാനെതിരെ യോഗി സര്‍ക്കാര്‍ വേട്ടയാടല്‍ തുടര്‍ന്നു. കഫീല്‍ ഖാന്റെ സഹോദരനെ വെടിവച്ച് കൊല്ലാന്‍ ശ്രമം നടന്നു. കോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടും സര്‍വീസില്‍ തിരിച്ചെടുക്കാതെയും പോലിസ് നടപടികള്‍ തുടര്‍ന്നും യോഗി സര്‍ക്കാര്‍ പീഡിപ്പിച്ചു. 

Tags:    

Similar News