ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: മന്ത്രി പുത്രന്റെ അറസ്റ്റിലേക്ക് നയിച്ച കാരണങ്ങള്‍ ഇവയാണ്
മൊഴികളിലെ വൈരുധ്യമാണ് ഇയാള്‍ക്ക് കുരുക്കായതെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.
രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യാനായി എത്തിച്ചത്. പോലിസ് വലയത്തില്‍, പിന്‍വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫിസിനുള്ളിലെത്തിച്ചത്. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ്.
അറസ്റ്റിലേക്ക് നയിച്ച കാരണങ്ങള്‍ ഇവയാണ്
മൊഴികളിലെ വൈരുധ്യമാണ് ഇയാള്‍ക്ക് കുരുക്കായതെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. സംഘര്‍ഷ സമയത്ത് എവിടെയായിരുന്നു എന്നതുള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ ആശിഷ് മിശ്ര പരാജയപ്പെട്ടതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉത്തര്‍ പ്രദേശ് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
ഞായറാഴ്ച അക്രമം നടന്ന സ്ഥലത്ത് നിന്ന് 4-5 കിലോമീറ്റര്‍ ചുറ്റളവില്‍ താന്‍ ഒരു ഗുസ്തി മത്സരത്തിലായിരുന്നുവെന്നാണ് മിശ്ര ചോദ്യം ചെയ്യലില്‍ അവകാശപ്പെട്ടത്. എന്നാല്‍, പരിപാടിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഉച്ചയ്ക്കു 2 മുതല്‍ 4 മണിവരെ ഇയാള്‍ ഇവിടെ ഉണ്ടായിരുന്നില്ല എന്നാണ്.
മാത്രമല്ല, സംഘര്‍ഷം പ്രദേശത്തും ചുറ്റുമുള്ള സ്ഥലത്തുമാണ് ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. എന്നാല്‍, സംഭവ സമയത്ത് കുറ്റകൃത്യം നടന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള അരി മില്ലിലായിരുന്നു താന്‍ എന്നാണ് ഇയാളുടെ മറ്റൊരു വാദം.
തന്റെ െ്രെഡവര്‍ ഹരി ഓം ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കര്‍ഷകര്‍ക്കെതിരെ മിസ്റ്റര്‍ മിശ്രയുടെ സഹായികള്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങളും ആശിഷ് മിശ്രയ്ക്ക് കുരുക്കായി.
കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച മഹീന്ദ്ര ഥാര്‍ ഓടിച്ചത് ഹരി ഓം ആണെന്നാണ് എഫ്‌ഐആറിലുള്ളത്.
പോലിസ് വിശകലനം ചെയ്ത വീഡിയോയില്‍ വെളുത്ത ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച ഒരാളാണ് ആ വണ്ടി ഓടിക്കുന്നത്. എന്നാല്‍, ഹരി ഓമിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോള്‍ അദ്ദേഹം ധരിച്ചിരുന്നത് മഞ്ഞ കുര്‍ത്തയായിരുന്നു.
ഈ മൂന്നു കാര്യങ്ങളിലുമുള്ള വൈരുധ്യങ്ങളെതുടര്‍ന്നാണ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം ചോദ്യങ്ങളില്‍നിന്നു ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും സഹകരിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.ഒരു കൊലപാതക കേസില്‍ പ്രതിയായി അഞ്ച് ദിവസത്തിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചനയടക്കം എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകള്‍ പ്രകാരം സാധാരണയായി ഒരു ഉടനടി അറസ്റ്റിന് അര്‍ഹമാണ്. എന്നാല്‍, ഇയാളുടെ പിതാവ് കാരണം വിഐപി പരിഗണന ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പോലിസിന്റെ അപേക്ഷയില്‍ ലഖിംപുര്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വാദം കേള്‍ക്കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പോലിസ് കോടതിയോട് വ്യക്തമാക്കി.
അതേസമയം, ആശിഷിന്റെ പിതാവായ മന്ത്രി അജയ് മിശ്ര രാജിവെക്കാതെ ലഖിംപുര്‍ സംഭവത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ അജയ് മിശ്രയുടെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാണ്.