വ്യാജന്മാര്‍ക്ക് നിയമക്കുരുക്ക്; നടപടി കര്‍ശനമാക്കി വാട്‌സ് ആപ്പ്

നിരീക്ഷണം കര്‍ശനമാക്കി പ്രതിമാസം 20 ലക്ഷം അക്കൗണ്ടുകള്‍ വീതം നീക്കം ചെയ്യാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി ബള്‍ക്ക് മെസ്സേജിങ് സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടെയുള്ളവ തടയാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

Update: 2019-06-15 06:51 GMT

കൊച്ചി: സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെയും വ്യാജന്‍മാരെയും നിയമത്തില്‍ കുരുക്കാനൊരുങ്ങി വാട്‌സ് ആപ്പ്. ചട്ടം ലംഘിക്കുന്നവരെ കോടതി കയറ്റാനാണ് വാട്‌സ് ആപ്പിന്റെ തീരുമാനം. ഡിസംബര്‍ ഏഴ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

ചട്ടംപാലിക്കാത്തവരെ ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ കമ്പനി പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ഫലം കാണാതെ വന്നതോടെയാണ് നിയമത്തിന്റെ വഴിക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന കാര്യം വാട്‌സ്ആപ്പ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

നിരീക്ഷണം കര്‍ശനമാക്കി പ്രതിമാസം 20 ലക്ഷം അക്കൗണ്ടുകള്‍ വീതം നീക്കം ചെയ്യാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി ബള്‍ക്ക് മെസ്സേജിങ് സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടെയുള്ളവ തടയാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വ്യക്തിഹത്യ നടത്താനും ആപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചട്ടലംഘനം നിയമപരമായ കുറ്റമാക്കാന്‍ കമ്പനി തീരുമാനിച്ചത്.

ഫേസ്ബുക്കും ട്വിറ്ററുമൊക്കെ ഇത്തരം വ്യാജവേട്ട നടത്തി കോടിക്കണക്കിന് ഉപയോക്താക്കളെ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, വാട്‌സ്ആപ്പ് ആദ്യമായാണ് ഇത്തരം കര്‍ശന നടപടിയിലേക്ക് കടക്കുന്നത്. വ്യാജന്മാര്‍ക്കെതിരെ ഒരു സാമൂഹിക മാധ്യമം നിയമ നടപടിക്കൊരുങ്ങുന്നതും ഇതാദ്യമാണ്.

Tags:    

Similar News