വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനവുമായി വാട്‌സാപ്

സംശയം തോന്നുന്ന വാര്‍ത്തകളും സന്ദേശങ്ങളും +91 9643 000 888 എന്ന നമ്പറിലേക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറാമെന്ന് വാട്‌സാപ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Update: 2019-04-03 04:25 GMT

മുംബൈ: പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മെസഞ്ചര്‍ സേവനമായ വാട്‌സ് ആപില്‍ വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചു. സംശയം തോന്നുന്ന വാര്‍ത്തകളും കിംവദന്തികളും കൈമാറുന്നതിനുള്ള ടിപ് ലൈന്‍ സംവിധാനമാണ് വാട്‌സ് ആപ് അവതരിപ്പിച്ചത്. സംശയം തോന്നുന്ന വാര്‍ത്തകളും സന്ദേശങ്ങളും +91 9643 000 888 എന്ന നമ്പറിലേക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറാമെന്ന് വാട്‌സാപ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഒരു പ്രാദേശിക സ്റ്റാര്‍ട്ട് അപ്പ് ആയ പ്രോട്ടോയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കിയത്. സന്ദേശങ്ങളെ സത്യം, കള്ളം, തെറ്റിദ്ധാരണാജനകം, തര്‍ക്ക വിഷയം എന്നിങ്ങനെ തരം തിരിക്കാവുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. തെറ്റായ വിവരങ്ങള്‍ കണ്ടെത്താന്‍ ഒരു വിവര ശേഖരവും ഒരുക്കും. 20 കോടി ഉപയോക്താക്കളുള്ള ഇന്ത്യയില്‍ വാട്‌സ് ആപ്പ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലംകൂടി പരിഗണിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്.

സംശയാസ്പദമായ സന്ദേശം ഉപഭോക്താവ് +91 9643 000 888 എന്ന നമ്പറിലേക്ക് കൈമാറിയാല്‍ അത് പ്രാദേശിക പങ്കാളികളായ പ്രോട്ടോ പരിശോധിച്ച് സത്യസന്ധമാണെന്ന് ഉറപ്പുവരുത്തിയ സന്ദേശമാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുഗു, ബംഗാളി അടക്കമുള്ള ഭാഷകളിലെ സന്ദേശങ്ങള്‍ പ്രോട്ടോ പരിശോധിക്കും.

Tags:    

Similar News