കേസ് വന്നപ്പോൾ നേതാക്കൾ തിരിഞ്ഞു നോക്കിയില്ല; രാഷ്ട്രീയ ബജ്‌റംഗ്ദൾ നേതാവ് സംഘടന വിട്ടു
ക്രിസ്ത്യന്‍ മത പരിവര്‍ത്തനത്തിനെത്തിയെന്ന് ആരോപിച്ച് പാസ്റ്റര്‍മാരെ കഴിഞ്ഞ വർഷം ഗോപിനാഥൻറെ നേതൃത്വത്തിലുള്ള പ്രവർത്തകർ ആക്രമിച്ചിരുന്നു.
തൃശൂർ: കേസ് വന്നപ്പോൾ പ്രതീഷ് വിശ്വനാഥ് തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് രാഷ്ട്രീയ ബജ്‌റംഗ്ദൾ നേതാവ് സംഘടന വിട്ടു. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂരാണ് തീവ്ര ഹിന്ദുത്വ നിലപാട് വെടിഞ്ഞ് സംഘടനാ പ്രവർത്തനം നിർത്തിയത്. തൻറെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തതയും ആത്മാർത്ഥതയും ഫെയ്സ്ബുക്കിൽ മാത്രം പോരാ പ്രവൃത്തിയിൽ ആണ് കാണിക്കേണ്ടത്. ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം. രാഷ്ട്രീയ ബജ്‌റംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നുവെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.
ക്രിസ്ത്യന്‍ മത പരിവര്‍ത്തനത്തിനെത്തിയെന്ന് ആരോപിച്ച് പാസ്റ്റര്‍മാരെ കഴിഞ്ഞ വർഷം ഗോപിനാഥൻറെ നേതൃത്വത്തിലുള്ള പ്രവർത്തകർ ആക്രമിച്ചിരുന്നു. മത പ്രചരണാര്‍ത്ഥമുള്ള ലഘുലേഖകള്‍ വീടുകളില്‍ കയറി വിതരണം ചെയ്യുന്ന മൂന്ന് പാസ്റ്റര്‍മാരെയാണ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് നിങ്ങള്‍ വരേണ്ട കാര്യമില്ല എന്ന് പറഞ്ഞ് പാസ്റ്റര്‍മാരെ കൊണ്ട് തന്നെ ലഘുലേഖകള്‍ കീറിപ്പിക്കുകയും ഇനി ഈ പണിക്ക് വന്നാല്‍ മുഖമടിച്ച് പൊട്ടിക്കും എന്ന് പറയുകയും ചെയ്തത് ഗോപിനാഥ് ആയിരുന്നു.