സാംസ്കാരിക നഗരിയിൽ നിന്ന് ഹല്ലാ ബോൽ ഉയരുമ്പോൾ
പകർച്ചപ്പനി കാരണം വീട്ടിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് കൊണ്ട് സുനിൽകുമാറിന്റെ പങ്കാളിയും താമസിച്ചിരുന്ന അദ്ദേഹത്തിന്റെ വസതിയിൽ താമസിക്കുമ്പോൾ വിദ്യാർഥിനിയെ സുനിൽകുമാർ ബലാൽസംഗം ചെയ്യുകയായിരുന്നു.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഹല്ലാ ബോൽ കാംപയിൻ ഉയർന്നിരിക്കുന്നു. സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ എസ് സുനിൽകുമാറിനെതിരേ ബലാത്സംഗക്കുറ്റം ആരോപിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരമാണ് തൃശൂർ വെസ്റ്റ് പോലിസ് സുനിൽകുമാറിനെതിരേ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
പകർച്ചപ്പനി കാരണം വീട്ടിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് കൊണ്ട് സുനിൽകുമാറിന്റെ പങ്കാളിയും താമസിച്ചിരുന്ന അദ്ദേഹത്തിന്റെ വസതിയിൽ താമസിക്കുമ്പോൾ വിദ്യാർഥിനിയെ സുനിൽകുമാർ ബലാൽസംഗം ചെയ്യുകയായിരുന്നു. സുനിൽകുമാറിനും മറ്റൊരു അധ്യാപകനുമെതിരേ മോശം പെരുമാറ്റ ആരോപണം വിദ്യാർഥി ആദ്യം ഉന്നയിച്ചപ്പോൾ, ബാച്ചിലർ ഓഫ് തിയേറ്റർ ആർട്‌സ് കോഴ്‌സിലെ 55 വിദ്യാർഥികളെങ്കിലും ക്യാംപസിൽ പ്രതിഷേധിക്കാൻ തുടങ്ങി. ഫെബ്രുവരി 24 മുതൽ പ്രതിഷേധം തുടരുകയാണ്. ഹല്ലാ ബോൽ എന്ന പ്രശ്സ്ത മുദ്രാവാക്യമാണ് കാംപയിന് വിദ്യാർഥികൾ ഉപയോഗിച്ചിരിക്കുന്നത്.
സ്കൂൾ ഓഫ് ഡ്രാമയിൽ ക്ലാസ് എടുക്കാൻ എത്തിയ വിസിറ്റിങ് ഫാക്കൽറ്റി ആയ രാജ വാര്യർക്കെതിരേയാണ് ഒന്നാമത്തെ പരാതി ഉയർന്നത്. 2021 നവംബർ 21 ന് ക്ലാസിലുണ്ടായിരുന്ന ഒരു വിദ്യാർഥിനിയോട് വളരെ മോശമായി പെരുമാറുകയും ഫിസിക്കൽ അബ്യുസ് നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ക്ലാസിന്റെ തുടക്കം മുതലേ ഇതേ വിദ്യാർഥിനിയെ വ്യക്തിഹത്യ നടത്തുകയും "വലിയ കണ്ണട വച്ചാൽ മാത്രം പോരാ തലക്ക് അകത്തു വല്ലതും വേണം" എന്ന് പരിഹസിക്കുകയും ചെയ്തിരുന്നുവെന്നാണ് ഉയർന്നിരിക്കുന്ന പരാതി.
വിദ്യാർത്ഥിനി ഈ വിഷയം അധ്യാപകർ പലരോടുമായി സംസാരിച്ചിരുന്നെങ്കിലും അവർ ഇതിനെ കാര്യമായി പരിഗണിക്കുകയോ ഇതിൽ ഇടപെടുകയോ ചെയ്തില്ല. ആ നിലയിൽ സ്കൂൾ ഓഫ് ഡ്രാമയിലെ സ്ഥിര അധ്യാപകനായ എസ് സുനിൽകുമാറിനോടും വിദ്യാർഥിനി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു. അപ്പോഴും ശേഷവും വിശ്വാസത്തോടുകൂടി സുനിൽകുമാർ എന്ന അധ്യാപകനോട് ഇടപെട്ട വിദ്യാർഥിനിയെ അയാൾ ചൂഷണം ചെയ്തെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് തൃശ്ശൂരിലെ അധ്യപകനായ എസ് സുനിൽ കുമാറിൽ നിന്നും ഇതേ വിദ്യാർഥിനിക്ക് കുറച്ചു മാസങ്ങളായി ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. കോളജിലെ അധ്യാപക-വിദ്യാർഥി എന്ന ബന്ധത്തിനുപരിയായി ഉണ്ടായിരുന്ന സൗഹൃദബന്ധത്തെ ദുരുപയോഗപെടുത്തികൊണ്ട് അധികാര ദുർവിനിയോഗം ചെയ്യുകയാണുണ്ടായതെന്നാണ് സമരം ചെയ്യുന്ന വിദ്യാർഥികൾ പറയുന്നത്.
കലയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള ആരോഗ്യകരമായ സംഭാഷണങ്ങൾക്കിടയിൽ ഇദ്ദേഹം വിദ്യാർഥിയോട് "ഒരു കോളജ് പ്രഫസറും, അദ്ദേഹത്തിന്റെ ഒരു വിദ്യാർഥിനിയുമായുണ്ടാകുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുണ്ടാവുന്ന വിഷയങ്ങളും ആസ്പദമാക്കിയ "irrational man" എന്ന സിനിമ കാണാൻ ആവശ്യപ്പെടുകയുണ്ടായി ". ഇദ്ദേഹം പിന്നീട് ഇത്തരത്തിലുള്ള സംസാരത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിദ്യാർഥിനിയെ നിർബന്ധിച്ചുകൊണ്ടിരുന്നു. നിരന്തരമായ ഈ സമീപനം വിദ്യാർഥിനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്ന ഗുരുതര ആരോപണങ്ങളാണ് എസ് സുനിൽകുമാറിനെതിരേ ഉയർന്നിരിക്കുന്നത്.
എസ് സുനിൽ കുമാർ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്തെന്നും ഇതിനുശേഷം " ഇതെല്ലാം എന്റെ ഒരുപാട് കാലത്തെ ഫാന്റസി ആയിരുന്നു" എന്നാണ് അദ്ദേഹം പറഞ്ഞെന്നും സമരത്തിലുള്ള വിദ്യാർഥികൾ ആരോപിക്കുന്നു. ഇതിനെതിരെ പിന്നീട് ചോദ്യം ചെയ്ത് സംസാരിച്ച വിദ്യാർഥിനിയോട് "എനിക്ക് നിന്നോടുള്ള പ്രണയത്തിന്റെ പുറത്തുചെയ്തതാണിതെല്ലാം" എന്ന് അദ്ദേഹം ന്യായീകരിച്ചെന്നും എന്നാൽ അദ്ദേഹവുമായുള്ള യാതൊരു വഴിവിട്ട ബന്ധത്തിനും വിദ്യാർഥിനി തയ്യാറായിരുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.
സുനിൽ കുമാറിന്റെ തുടർച്ചയായ ഫോൺകോളുകളൂം, മെസ്സേജുകളും, കോളജിലെ ഇദ്ദേഹത്തിന്റെ സാമിപ്യവും വിദ്യാർഥിനിയെ വല്ലാതെ മാനസിക സമ്മർദ്ദത്തിലാക്കിയ സാഹചര്യത്തിൽ ഫെബ്രുവരി 13ന് വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചെന്നുമാണ് ഉയരുന്ന പരാതി. തുടർന്ന് ആശുപത്രിയിലാക്കിയ വിദ്യാർഥിനിയെ ഈ അധ്യാപകൻ അവിടെ ചെന്നും നിരന്തരമായി മാനസികമായി സമ്മർദ്ദത്തിലാക്കിയിരുന്നു. പുറത്തുപറഞ്ഞാൽ അദ്ദേഹം കാറോടിച്ചു കടലിലേക്ക് ഇറക്കി ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും, വിദ്യാർത്ഥിനിയുടെ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് 'അവൾക്ക് മാനസിക പ്രശ്നമാണെന്നും അതിനാൽ പലതും പറയാൻ സാധ്യതയുണ്ടെന്നും ' പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ് ഉണ്ടായത്.
ഈ വിഷയത്തിൽ പോലിസിന്റെ സമീപനം വളരെ മോശമായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. ആദ്യം നൽകിയ പരാതിയുടെ ഭാഗമായി എടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ പോലിസ് തയ്യാറാക്കിയ എഫ്ഐആറിൽ എസ് സുനിൽകുമാർ ചെയ്ത കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കാനാണ് പോലിസ് ശ്രമിച്ചത്. പിന്നീട് കാര്യങ്ങൾ കൃത്യമായി വിശദീകരിച്ച പുതിയ പരാതിയുമായി വീണ്ടും ചെന്നിട്ടും അത് സ്വീകരിക്കികൻ പോലിസ് തയ്യാറായിരുന്നില്ലെന്ന ആരോപണവും ഉണ്ട്. തൃശ്ശൂർ വെസ്റ്റ് പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബൈജു കെ സി പരാതിക്കാരിയായ വിദ്യാർഥിനിയുടെ കൂടെ വന്ന വിദ്യാർഥികളോടും മോശമായിട്ടാണ് പെരുമാറിയത്, കൂടാതെ പരാതിക്കാരിയായ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും കരയിപ്പിക്കുകയും ചെയ്തെന്ന വെളിപ്പെടുത്തലും സമരക്കാർ നടത്തി.
മെഡിക്കൽ ചെക്കപ്പിനായി പോവാനൊരുങ്ങിയ പരാതിക്കാരിയായ വിദ്യാർഥിനിയെ ഒറ്റക്ക് പോലിസ് ജീപ്പിൽ കയറ്റി കൊണ്ടുപോവാനും മാനസികമായി ഉപദ്രവിക്കുകയുമാണ് പോലിസ് ചെയ്തതെന്ന ആരോപണവും ശക്തമാണ്. ഈ സംഭവത്തിൽ സ്കൂൾ ഓഫ് ഡ്രാമയിലെ മുഴുവൻ വിദ്യാർഥികളും ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് സമരം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.