ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൗ എന്ന സ്ഥലത്ത് കൊവിഡ് മുക്തമായ വയോധികന് വൈറ്റ് ഫംഗസ് എന്ന രോഗം കണ്ടെത്തിയതായി റിപോര്‍ട്ട്. ഏപ്രില്‍ മാസം കൊവിഡ്-19 സ്ഥിരീകരിച്ചതിനാല്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയും സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്ത 70 കാരനാണ് വൈറ്റ് ഫംഗസ് ഉള്ളതായി കണ്ടെത്തിയത്. കൊവിഡ് സുഖം പ്രാപിച്ച ഒരു രോഗിയില്‍ വൈറ്റ് ഫംഗസ് അണുബാധ കണ്ടെത്തുന്ന ആദ്യ സംഭവമാണിതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.
കൊവിഡ് മുക്തനായ 70 കാരനു സ്ഥിരമായി സ്റ്റിറോയിഡ് നല്‍കിയിരുന്നെന്നും ഒരാഴ്ച മുമ്പ് അദ്ദേഹത്തിന്റെ കണ്ണിന്റെ ഫ്‌ലോട്ടറുകള്‍(കണ്ണുകള്‍ക്കുള്ളിലെ ജെല്ലി പോലുള്ള പദാര്‍ത്ഥം) വികസിക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തതായി വിട്രിയോ-റെറ്റിന സ്‌പെഷ്യലിസ്റ്റ് ഡോ. ക്ഷിതിജ് ആദിത്യ പറഞ്ഞു. രക്തത്തിലൂടെ പടരുന്ന നേത്ര അണുബാധയായ എന്‍ഡോജെനസ് ഫംഗസ് എന്‍ഡോഫ്താല്‍മിറ്റിസ് പോലെയായിരുന്നു ഇത്. ബയോപ്‌സി ചെയ്തതിനെ തുടര്‍ന്നാണ് വൈറ്റ് ഫംഗസ് അണുബാധയാണെന്ന് സ്ഥിരീകരിച്ചതെന്നു അവര്‍ പറഞ്ഞു. കൊവിഡ് -19ന് ചികില്‍സ തേടിയവര്‍, പ്രത്യേകിച്ച് സ്റ്റിറോയിഡുകള്‍ കഴിച്ചവരോ പ്രമേഹമുള്ളവരോ നേത്രരോഗവിദഗ്ദ്ധനെ സമീപിക്കണണമെന്നും ഡോ. ക്ഷിതിജ് ആദിത്യ പറഞ്ഞു. ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള പ്രമേഹ രോഗികളില്‍ കൊറോണ വൈറസ് ചികില്‍സയ്ക്കിടെ ഏറെക്കാലമായി സ്റ്റിറോയിഡുകള്‍ കഴിക്കുന്നവരില്‍ വൈറ്റ് ഫംഗസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കണ്ണുകള്‍, ശ്വാസകോശം, തലച്ചോറ്, നഖങ്ങള്‍, ചര്‍മ്മം, സ്വകാര്യ ഭാഗങ്ങള്‍, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങളിലേക്ക് വൈറ്റ് ഫംഗസ് അതിവേഗം പടരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബ്ലാക്ക് ഫംഗസിനോളം അഫകടകാരിയല്ല വൈറ്റ് ഫംഗസെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
'White fungus' found in 70-year-old Covid-recovered man in Uttar Pradesh