വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 10 കിലോ അരി ലഭിക്കും; പൊതുവിതരണ വകുപ്പ് ഡിജിറ്റലൈസ് ചെയ്യും
ജനുവരി മുതല്‍ പച്ചരിയും കുത്തരിയും തുല്ല്യ അളവില്‍ നല്‍കും. നിലവില്‍ വിതരണം ചെയ്യുന്ന സോന,മസൂറി അരിയ്ക്ക് പകരം ജയ,സുരേഖ അരി നല്‍കും
തിരുവനന്തപുരം: കേരളത്തിലെ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 10 കിലോ അരി നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നീല കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് കിലോ അരി 15 രൂപ നിരക്കില്‍ അധികമായി നല്‍കും. പൊതുവിതരണ വകുപ്പിന് കീഴിലുള്ള 101 ഓഫിസുകള്‍ ഇ ഓഫിസ് സംവിധാനത്തിലേക്ക് മാറും. പൊതുവിതരണ വകുപ്പ് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതല്‍ പച്ചരിയും കുത്തരിയും തുല്ല്യ അളവില്‍ നല്‍കും. നിലവില്‍ വിതരണം ചെയ്യുന്ന സോന,മസൂറി അരിയ്ക്ക് പകരം ജയ,സുരേഖ അരി നല്‍കും. ഇതിന് എഫ്‌സിഐയുമായി ധാരണയിലെത്തിയിട്ടുണ്ട്. പൊതു വിപണിയില്‍ 30 രൂപ വിലയുള്ള അരിയാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.