ഇസ്രായേലിന്റെ അതീവ സുരക്ഷ ജയില്‍ ഭേദിച്ച ആ വീരര്‍ ഇവരാണ്

സെല്ലിലെ ശുചിമുറിയില്‍നിന്നു പുറത്തേക്ക് തുരങ്കമുണ്ടാക്കിയാണ് ഈ വീരര്‍ ഇസ്രായേല്‍ ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പുറത്തുകടന്നത്.

Update: 2021-09-07 10:34 GMT

ത്യാധുനിക ഉപകരണങ്ങളുടേയും നിരീക്ഷണ കാമറകളുടേയും സഹായത്തോടെ അധിനിവേശ സൈന്യം കാവല്‍നില്‍ക്കുന്ന അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയില്‍ ഭേദിച്ച് ആറു ഫലസ്തീന്‍ പോരാളികള്‍ പുറത്തുകടന്നതാണ് കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്. സെല്ലിലെ ശുചിമുറിയില്‍നിന്നു പുറത്തേക്ക് തുരങ്കമുണ്ടാക്കിയാണ് ഈ വീരര്‍ ഇസ്രായേല്‍ ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പുറത്തുകടന്നത്.


ഗലീലി കടലിനും വെസ്റ്റ് ബാങ്ക് നഗരത്തിനും ഇടയിലെ അതി സുരക്ഷയുള്ള ഗില്‍ബോവ ജയിലില്‍നിന്നാണ് ഇവര്‍ പുറത്തുപോയത്. തടവുകാര്‍ ജയിലിനു പുറത്തെത്താന്‍ ഉപയോഗിച്ച തുരങ്കത്തിന്റെ ചിത്രം ഫലസ്തീനിലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.


സെല്ലിലെ ശുചിമുറിയില്‍ തുരങ്കം നിര്‍മിച്ച സംഘം ജയിലിലെ ഇടനാഴിവഴി രക്ഷപ്പെടുകയായിരുന്നു. ജയില്‍ നിര്‍മാണ സമയത്താണ് ഈ ഇടനാഴികളുണ്ടാക്കിയതെന്ന് സേനാ കമാന്‍ഡര്‍ അരിക് യാകോവ് രാജ്യാന്തര മാധ്യമത്തോടു വ്യക്തമാക്കിയിരുന്നു. ഏറ്റവും സുരക്ഷിതമായ കേന്ദ്രമെന്നാണു ജയില്‍ അറിയപ്പെട്ടിരുന്നത്. അതിര്‍ത്തിയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയാണു ജയില്‍.


കള്ളക്കേസുകളില്‍ പെടുത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫല്‌സതീന്‍ ചെറുത്ത് നില്‍പ്പ് പോരാളികളാണ് രക്ഷപ്പെട്ട ആറു പേരും. ധീരന്മാരായ സൈനികരുടെ ഉറച്ച തീരുമാനങ്ങളെ പരാജയപ്പെടുത്താന്‍ എതിരാളികളുടെ ജയിലിലും സാധിക്കില്ലെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹോം പ്രതികരിച്ചിരുന്നു.

തടവു ചാടിയവര്‍ വെസ്റ്റ് ബാങ്കിലേക്കോ, അല്ലെങ്കില്‍ 14 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ദാന്‍ അതിര്‍ത്തിയിലേക്കോ ആകും പോകാന്‍ ശ്രമിക്കുകയെന്നാണു വിവരം. നാല് മണിക്കു തടവുകാരുടെ തലയെണ്ണാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് രക്ഷപ്പെട്ട കാര്യം അറിയുന്നത്.ഒരു പോസ്റ്ററിനു പിന്നിലായി തടവുകാര്‍ ഉപയോഗിച്ച തുരുമ്പിച്ച സ്പൂണ്‍ കണ്ടെത്തിയെന്നു ജറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

നിയമവിരുദ്ധമായി കടത്തിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തടവുകാര്‍ പുറത്തുനിന്നും കാര്‍ എത്തിച്ച് അതില്‍ കയറി രക്ഷപ്പെട്ടിരിക്കുമെന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ നിഗമനം. ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍ വെട്ടിച്ച് ജയില്‍ മോചിതരായ ആ വീരര്‍ ഇവരാണ്.

സക്കറിയ സുബൈദി


ജെനിന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്നുള്ള 49കാരനാണ് സക്കറിയ സുബൈദി.ഫതഹിന്റെ അല്‍അക്‌സ രക്തസാക്ഷി ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായിരുന്നു. 2006 ല്‍ സുബൈദി ഫതഹിന്റെ വിപ്ലവ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി 27 ന് റാമല്ലയില്‍ ഇസ്രായേല്‍ സൈന്യം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും അല്‍അഖ്‌സ രക്തസാക്ഷി ബ്രിഗേഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു കുറ്റത്തിനും ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. നിലവില്‍ വിചാരണ തടവുകാരനാണ്.

മുനാദല്‍ നഫായ


ജെനിന്‍ നഗരത്തിനടുത്തുള്ള യാബാദ് പട്ടണത്തില്‍ നിന്നുള്ള മുനാദല്‍ നഫായയെ 2006ലാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം കാരഗൃഹത്തിലടയക്കുന്നത്. തുടര്‍ന്ന് 2015ല്‍ മോചിതനായ ഇദ്ദേഹത്തെ 2016ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട തടവിന് ശേഷം പിന്നീട് മോചിപ്പിക്കപ്പെടുകയും 2020ല്‍ വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇസ്‌ലാമിക്ക് ജിഹാദിന്റെ സായുധ വിഭാഗത്തില്‍ അംഗത്വവും ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ആക്രമണങ്ങളില്‍ പങ്കാളിത്തവും ആരോപിക്കപ്പെട്ടായിരുന്നു ഇദ്ദേഹത്തെ അറസ്റ്റും ജയില്‍വാസവും. ഇതുവരെ ഒരു കേസിലും ഇദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. വിചാരണതടവുകാരനാണ്.

യാക്കൂബ് ഖാദിരി


ജെനിന്‍ നഗരത്തിന്റെ വടക്കുപടിഞ്ഞാറ് ബിര്‍ അല്‍ബാഷ ഗ്രാമത്തില്‍ നിന്നുള്ള 39കാരനായ യാക്കൂബ് ഖാദിരി 2000 മുതല്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ കണ്ണിലെ കരടാണ്.2002 ല്‍ ജെനിന്‍ അഭയാര്‍ഥി ക്യാംപിലെ അധിനിവേശ കൂട്ടക്കൊലയ്‌ക്കെതിരെ ഖാദിരി ശക്തമായി നിലകൊണ്ടു. 2014ല്‍ അദ്ദേഹം മറ്റ് തടവുകാരോടൊപ്പം ഷട്ട ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഐഹാം കഹാംജി


ജെനിന്‍ നഗരത്തിനടുത്തുള്ള കഫ്ര്‍ ദാന്‍ ഗ്രാമത്തില്‍ നിന്നുള്ള കഹാംജി (35), 2003 മുതല്‍ ഇസ്രായേലി അധിനിവേശ സേനയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. 2006 ജൂലൈ 4 ന് അദ്ദേഹത്തെ തടവിലാക്കി, ഇരട്ട ജീവപര്യന്തം തടവ് അനുഭവിച്ച് വരികയായിരുന്നു.

മഹ്മൂദ് ആരിസ


ജെനിന്‍ നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ അറബ പട്ടണത്തില്‍ നിന്നുള്ള മഹ്മൂദ് അല്‍അരിദ (46), 1996 മുതല്‍ തടവില്‍ കഴിയുകയാണ്. 1992ല്‍ ആണ് അദ്ദേഹത്തെ ആദ്യമായി ഇസ്രായേല്‍ അധിനിവേശ സൈന്യം തുറങ്കിലടച്ചത്.ഇസ്ലാമിക് ജിഹാദിന്റെ സൈനിക വിഭാഗത്തില്‍ അംഗമാണെന്നും ഇസ്രായേല്‍ അധിനിവേശ സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ നടത്തിയെന്നും ആരോപിച്ചാണ് 1996 സെപ്റ്റംബറില്‍ അദ്ദേഹത്തെ വീണ്ടും തടവിലാക്കുന്നത്.

മുഹമ്മദ് അല്‍ ആരിസ


അറബ പട്ടണത്തില്‍ നിന്നുള്ള മുഹമ്മദ് അല്‍ ആരിസ (39), 2002 ജനുവരി 7ന് ആണ് ആദ്യം അറസ്റ്റിലാവുന്നത്. അതേ വര്‍ഷം മാര്‍ച്ചില്‍ വിട്ടയക്കപ്പെട്ടെങ്കിലും 2002 മേയ് 16 ന് റാമല്ല നഗരത്തില്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയും മൂന്ന് തവണ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

Tags:    

Similar News