എന്തുകൊണ്ടാണ് ഷാരൂഖ് പത്താന് മുന്നില്‍ നീതി വഴിമാറുന്നത്?

പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ എതിര്‍പ്പുകള്‍ തള്ളിയാണ് 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയ്ക്കുള്ള രണ്ടു പേരുടെ ജാമ്യത്തിലും ഇരുവര്‍ക്കും സ്ഥിരജാമ്യം അനുവദിച്ചത്.

Update: 2021-09-20 16:01 GMT

സ്വന്തം പ്രതിനിധി


ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ന്യൂനപക്ഷ വിഭാഗത്തിനെതിരേ നടന്ന വംശഹത്യാ അതിക്രമത്തിനിടെ അക്രമി സംഘത്തിനൊപ്പം ചേര്‍ന്ന് മുസ്‌ലിംകള്‍ക്കെതിരേ വെടിയുതിര്‍ത്ത ശിവ, നിതിന്‍ എന്നീ പ്രതികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്. ഇരയ്ക്ക് പരിക്കേറ്റത് വെടിയേറ്റല്ലെന്നും മറിച്ച് കല്ലുകൊണ്ടാണെന്നും അഭിപ്രായപ്പെട്ടായിരുന്നു കോടതിയുടെ ഈ നടപടി. പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ എതിര്‍പ്പുകള്‍ തള്ളിയാണ് 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയ്ക്കുള്ള രണ്ടു പേരുടെ ജാമ്യത്തിലും ഇരുവര്‍ക്കും സ്ഥിരജാമ്യം അനുവദിച്ചത്.

കോടതിയില്‍ ഹാജരാക്കിയ രേഖകളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ വെടിയേറ്റല്ല, മറിച്ച് കല്ല് കൊണ്ടാണ് ഇരയായ അസീമിന് പരിക്കേറ്റതെന്ന കാര്യം പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് സ്ഥിരജാമ്യം നല്‍കുന്നതാണ് ഉചിതമെന്ന്് കരുതുന്നുവെന്നാണ്് ജസ്റ്റിസ് മുക്തി ഗുപത് പറഞ്ഞത്.കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിടരുതെന്നും താമസസ്ഥലമോ വിലാസമോ മൊബൈല്‍ നമ്പറോ മാറ്റുമ്പോള്‍ കോടതിയെ അറിയിക്കണമെന്നും കോടതി ഇതോടൊപ്പം നിര്‍ദേശിച്ചിരുന്നു. 'മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും നിരീക്ഷണം ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ ഒരു നിഗമനത്തിലെത്താന്‍ മാത്രമുള്ളതാണെന്നും വിചാരണ വേളയില്‍ അതിന് യാതൊരു ഗുണവുമുണ്ടാകില്ലെന്നും' കോടതി വ്യക്തമാക്കി.കലാപത്തിനിടെ പ്രതികളായ ശിവനും നിതിനും മാരകായുധവുമായി കുറ്റകരമായ നരഹത്യക്ക് ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഐപിസി പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇരുവര്‍ക്കുമെതിരേയും കേസെടുത്തിരുന്നത്. ഇരുവരും തോക്കുകളുമായി വെടിയുതിര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍, പ്രോസിക്യൂഷന്‍ തെളിവുകള്‍ പാടെ അവഗണിച്ചാണ് അക്രമികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഷഹീന്‍ ബാഗിലെ പ്രതിഷേധ സ്ഥലത്തേക്ക് തോക്കുമായെത്തി പോലിസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിനും കോടതി ദിവസങ്ങള്‍ക്കകം ജാമ്യം അനുവദിച്ചിരുന്നു. പോലിസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ നടന്ന പ്രകോപനപരമായ നടപടിയും കോടതിക്ക് കാര്യമായ പ്രശ്‌നമായി തോന്നിയിരുന്നില്ല.

അതേസമയം, ജാഫ്രാബാദില്‍ സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ സമാധാനപരമായി പ്രതിഷേധം നടത്തിവരികയായിരുന്ന സ്ത്രീകള്‍ക്കു നേരെ ആക്രോശങ്ങളുമായി ഓടിയടുത്ത ഹിന്ദുത്വ സംഘത്തിലെ അക്രമിയില്‍നിന്ന് പിസ്റ്റള്‍ പിടിച്ചെടുത്ത് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് നിറയൊഴിച്ച് വനിതകളെ അക്രമികളില്‍നിന്നു രക്ഷിച്ച ഷാരൂഖ് പത്താന്‍ കഴിഞ്ഞ 550 ദിവസമായി കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്. നിരവധി തവണ ഇദ്ദേഹത്തെ ജാമ്യ ഹരജി കോടതി തള്ളുകയായിരുന്നു.

കോടതിക്കു മുമ്പാകെ ഹാജരാക്കിയ ചിത്രങ്ങള്‍ 'കോടതിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന'താണെന്നും ഹര്‍ജിക്കാരന് ക്രമസമാധാനം കൈയിലെടുക്കാനാവുമോ എന്നുമാണ് ഷാരൂഖ് പത്താന്റെ ജാമ്യ ഹരജി തള്ളി കോടതി പ്രസ്താവിച്ചത്. പൊതുസ്ഥലത്ത് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ച് പരാതിക്കാരോ അവിടെയുള്ള മറ്റാരെങ്കിലും കൊല്ലണമെന്ന് പ്രതിക്ക് ഉദ്ദേശം ഉണ്ടായിരുന്നോ ഇല്ലയോ എന്നതല്ല, മറിച്ച് തന്റെ പ്രവൃത്തി സ്ഥലത്തുണ്ടായിരുന്ന ആരെയെങ്കിലും ദോഷകരമായി ബാധിക്കുമെന്ന് ഷാരൂഖിന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിനിടെ ഒരു പോലിസുകാരന് നേരെ പിസ്റ്റള്‍ ചൂണ്ടിയ ചിത്രമാണ് ഷാരൂഖ് പത്താന്‍ എന്ന സാധാരണക്കാരനെ കുപ്രസിദ്ധനാക്കിയത്. മുസ്‌ലിംകളെ ലക്ഷ്യമിട്ട് സ്‌പോണ്‍സര്‍ ചെയ്ത ഡല്‍ഹി വംശഹത്യയുടെ എതിര്‍ മുഖമായിരുന്നു അദ്ദേഹം.

കോളജ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച ഷാരൂഖിന് ബോഡി ബില്‍ഡിങിലും മോഡലിങിലും താല്‍പ്പര്യമുണ്ടായിരുന്നു.അദ്ദേഹം ടിക്ക് ടോക്ക് വീഡിയോകള്‍ നിര്‍മ്മിക്കുകയും ഒരു സോക്‌സ് നിര്‍മാണ യൂണിറ്റ് നടത്തുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തി, അക്രമത്തിലെ പോസ്റ്റര്‍ ബോയ് ആയി ഷാരൂഖ് പത്താനെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.

ഷഹീന്‍ബാഗ് സമരക്കാര്‍ക്കുനേരെ ആക്രോശത്തോടെ പാഞ്ഞടുത്ത ആള്‍ക്കൂട്ടത്തിന് നടുവില്‍നില്‍ക്കെ, ഷാരൂഖ് തന്റെ മുന്‍പില്‍ ഒരു തോക്കുമായി ഒരാളെ കാണുകയും സ്വയരക്ഷയ്ക്കായി അക്രമിയെ വീഴ്ത്തി തോക്ക് കൈവശപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അക്രമി സംഘത്തെ പിരിച്ചുവിടാന്‍ മുകളിലേക്ക് വെടിയുതിര്‍ത്തു. ഇദ്ദേഹത്തിന്റെ വെടിവയ്പില്‍ വെടിയുണ്ടയോ കല്ലോ ഏറ്റ് മരണമോ പരിക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല. പോലിസ് കോണ്‍സ്റ്റബിളിനു നേരെ തോക്ക് ചൂണ്ടുന്ന ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ 2020 മാര്‍ച്ച് മൂന്നിനാണ് പത്താനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകളും കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍, കൊലപാതകശ്രമം, ആയുധ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരവുമാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒരാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ്‌ഐആര്‍ തല്‍ക്ഷണം സമര്‍പ്പിക്കണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വ്യക്തതയില്ലാത്ത കാലതാമസം വന്നാല്‍ സംശയാസ്പദമായി കാണണമെന്നും അതില്‍ പലതും കടത്തിക്കൂട്ടിയിട്ടുണ്ടാവാമെന്ന ആരോപണങ്ങള്‍ക്ക് ഇടം നല്‍കുന്നതാണെന്നും വ്യക്തമാക്കുന്ന നിരവധി വിധികളുണ്ട്. വൈകിയതിന് കാരണങ്ങളൊന്നും നല്‍കാതെ ഏകദേശം 56 മണിക്കൂര്‍ സമയത്തിന് ശേഷമാണ് ഷാരൂഖിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

രണ്ട് സുപ്രീം കോടതി വിധികള്‍ ഉണ്ടായിട്ടും ജില്ല അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഈ വാദം സൗകര്യപൂര്‍വ്വം അവഗണിച്ചു. മാത്രമല്ല, എഫ്‌ഐആര്‍ സമര്‍പ്പിച്ച് രണ്ടു ദിവസത്തിന് ശേഷം 2020 ഫെബ്രുവരി 28ന് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയ വിവിധ വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ വീഡിയോ അഭിമുഖങ്ങളില്‍

ഷാരൂഖ് തനിക്കെതിരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് വ്യക്തമായി പ്രസ്താവിച്ചിരുന്നു. അതിനാല്‍, 307ാം വകുപ്പ് ചുമത്തിയത് രാഷ്ട്രീയ പകപോക്കലിനായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കടുത്ത അധികാര ദുര്‍വിനിയോഗമാണെന്ന് വ്യക്തമായിരുന്നു. പരാതിക്കാരനായ പോലിസ് കോണ്‍സ്റ്റബില്‍ ദഹിയയുടെ 161 സിആര്‍പിസി മൊഴിയിലും ടിവി അഭിമുഖങ്ങളിലെ പ്രസ്താവനകളിലും വൈരുദ്ധ്യമുണ്ടായിട്ടും കോടതി ഇക്കാര്യം പരിഗണിക്കാതെ പത്താന്റെ തല്‍ക്ഷണ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥനായ പരാതിക്കാരന്‍ തന്റെ മൊഴിയില്‍ കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷാരൂഖ് തന്റെ തല ലക്ഷ്യമാക്കി വെടിയുതിര്‍ത്തെന്നും എന്നാല്‍, താന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. എന്നാല്‍, ഷാരൂഖ് ഒരിക്കലും വെടിവെച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ എല്ലാ മാധ്യമ അഭിമുഖങ്ങളും വ്യക്തമാക്കുന്നുണ്ട്.

ഇന്‍സ്റ്റന്റ് കേസില്‍ പരാതിക്കാരനും അന്വേഷണ ഏജന്‍സിയും പോലിസ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന വസ്തുത അവഗണിച്ച് മാധ്യമ അഭിമുഖങ്ങള്‍ കുറ്റപത്രത്തിന്റെ ഭാഗമല്ലെന്ന കാരണം പറഞ്ഞാണ് കോടതി ജാമ്യം നിഷേധിച്ചത്. വിചാരണ ആരംഭിച്ചിട്ടില്ലെങ്കിലും ഷാരൂഖ് കഴിഞ്ഞ 19 മാസമായി തടവറയിലാണ്.വിചാരണ അനിശ്ചിതമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

മുസ്‌ലിംകള്‍ക്കെതിരേ ആസൂത്രിതമായി ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരേ കൃത്യമായ തെളിവുണ്ടായിട്ടും ജാമ്യം നല്‍കുകയും തന്റെ സഹോദരി ഉള്‍പ്പെടെയുള്ള സ്ത്രീകളെ അക്രമി സംഘത്തില്‍നിന്നു രക്ഷിക്കാന്‍ ഇടപെട്ടതിന് ജാമ്യം നിഷേധിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണെന്നാണ് നിയമരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News