പോത്തിന് തൂക്കം 1500 കിലോഗ്രാം; ദിവസം കഴിക്കുന്നത് 20 മുട്ടകള്‍, വില 23 കോടി

Update: 2024-11-15 13:29 GMT

പാനിപത്ത്: ഹരിയാനയിലെ 1500 കിലോഗ്രാം തൂക്കമുള്ള പോത്ത് രാജ്യമെമ്പാടുമുള്ള കര്‍ഷക മേളകളിലെ സ്ഥിരസാന്നിധ്യമാവുന്നു. മീററ്റില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് ഫെയറിലും പുഷ്‌കര്‍ മേളയിലും അന്‍മോള്‍ എന്ന പേരുള്ള ഈ പോത്ത് ശ്രദ്ധാകേന്ദ്രമായതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. അസാധാരണ വലുപ്പം, വംശാവലി, പ്രത്യുല്‍പ്പാദന ശേഷി തുടങ്ങിയവയാണ് ഇതിന് 23 കോടി രൂപ വില മതിക്കാന്‍ കാരണം.

പ്രതിദിനം 1500 രൂപയുടെ ഭക്ഷണമാണ് അന്‍മോള്‍ക്ക് നല്‍കുന്നതെന്ന് ഉടമയായ ഗില്‍ പറയുന്നു. 250 ഗ്രാം ബദാം, 30 പഴം, നാലു കിലോഗ്രാം മാതളനാരങ്ങ, അഞ്ച് കിലോഗ്രാം പാല്‍, 20 മുട്ട എന്നിവയൊക്കെ നല്‍കും. കൂടാതെ ഓയില്‍ കേക്കും പച്ചിലകളും നെയ്യും സോയാബീനും ചോളവും വരെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കാന്‍ ദിവസം രണ്ടു നേരമാണ് അന്‍മോളെ കുളിപ്പിക്കുക. ബദാം ഓയിലും കടുകെണ്ണയും ചേര്‍ന്ന മിശ്രിതം തേച്ചാണ് കുളിപ്പിക്കുന്നത്.

അന്‍മോളുടെ ബീജത്തിനും കര്‍ഷകര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡാണ്. ആഴ്ച്ചയില്‍ രണ്ടു തവണയാണ് ബീജം ശേഖരിക്കുക. ഒരു തവണ എടുക്കുന്ന ബീജം കൊണ്ട് നൂറുകണക്കിന് കന്നുകാലികളില്‍ പ്രത്യുല്‍പ്പാദനം നടത്താന്‍ കഴിയും. ഇതില്‍ നിന്ന് മാത്രം പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ ഗില്ലിന് വരുമാനമുണ്ട്. 23 കോടി രൂപക്ക് വരെ അന്‍മോളെ വാങ്ങാന്‍ ഓഫര്‍ വന്നെങ്കിലും അതെല്ലാം ഗില്‍ നിരസിച്ചു. നേരത്തെ അന്‍മോളുടെ അമ്മയെയും സഹോദരിയേയും ഗില്‍ വിറ്റിരുന്നു. ദിവസം 25 ലിറ്റര്‍ പാല്‍ അന്‍മോളുടെ അമ്മ നല്‍കുമായിരുന്നുവെന്ന് ഗില്‍ പറയുന്നു. പക്ഷെ, അന്‍മോളെ വില്‍ക്കാന്‍ ഗില്ലിന് ഉദ്ദേശമില്ല. 23 കോടി രൂപ വരെ വാഗ്ദാനം വന്നിട്ടും വിറ്റില്ലെന്നാണ് ഗില്‍ പറയുന്നത്.

Tags:    

Similar News