ദുബയ്: പശ്ചിമേഷ്യയില്‍ ഉടലെടുത്ത ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം ആഗോളതലത്തില്‍ എണ്ണവില കുതിക്കാന്‍ കാരണമാക്കിയേക്കുമെന്ന് ആശങ്ക. തിങ്കളാഴ്ച ഗ്ലോബല്‍ ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് ബാരലിന് 4.2 ശതമാനം ഉയര്‍ന്ന് 88.15 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 4.3 ശതമാനം ഉയര്‍ന്ന് ബാരലിന് 86.38 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ്, വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എന്നിവ യഥാക്രമം 36 സെന്റും 35 സെന്റും ഇടിഞ്ഞതോടെ ചൊവ്വാഴ്ച വിലയില്‍ നേരിയ കുറവാണുണ്ടായത്. ഇസ്രായേലോ ഉപരോധം നേരിടുന്ന ഗസ മുനമ്പോ കാര്യമായ എണ്ണ ഉല്‍പ്പാദകരല്ലെങ്കിലും സംഘര്‍ഷം വ്യാപിച്ചേക്കുമെന്ന ആശങ്കയാണ് എണ്ണ വില വര്‍ധിക്കാന്‍ കാരണം.
ഇറാന്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരില്‍ ചിലതും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഖനന മേഖലകളായി എന്നറിയപ്പെടുന്ന ഹോര്‍മുസ് കടലിടുക്ക് പോലെയുള്ള പ്രധാന ട്രാന്‍സിറ്റ് റൂട്ടുകളും മധ്യേഷ്യയിലാണ്. സംഘര്‍ഷം ഏതുവിധത്തില്‍ വ്യാപിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും എണ്ണ വിലയിലുണ്ടാവുന്ന ചാഞ്ചാട്ടം. കഴിഞ്ഞ വര്‍ഷം യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്നുണ്ടായ എണ്ണവിലയിലെ കുതിച്ചുചാട്ടത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇപ്പോഴത്തെ പ്രശ്‌നമെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണ വിതരണത്തിന് സമീപകാലത്ത് അപകടസാധ്യത കുറവാണെങ്കിലും സംഘര്‍ഷം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചാല്‍ അത് മാറുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കി. പെട്ടെന്ന് തന്നെ എണ്ണ വിപണിയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് കോര്‍ണര്‍സ്‌റ്റോണ്‍ അനലിറ്റിക്‌സ് പ്രസിഡന്റും സ്ഥാപകനുമായ മൈക്ക് റോത്ത്മാന്‍ പറഞ്ഞു. ആഗോള ആവശ്യത്തെയും ഒപെക് രാജ്യങ്ങളുടെ ഉല്‍പാദനത്തെയും ദീര്‍ഘകാലത്തേക്ക് ഈ സംഘര്‍ഷം ബാധിക്കുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും ലോകത്തിലെ മറ്റെവിടെയെങ്കിലും എണ്ണ ശേഖരം കുറയുന്നത് പോലുള്ള മറ്റ് ഘടകങ്ങള്‍ വിലയെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം ഇറാനിലേക്കോ ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുല്ലയിലേക്കോ നീളുമോയെന്നതാണ് എണ്ണ വിലയെ ബാധിക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍. ഹമാസ് ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് ഇസ്രായേല്‍ ഉള്‍പ്പെടെ ആരോപിക്കുന്നതിനാല്‍ ആക്രമണം ആ മേഖലയിലേക്കും വ്യാപിപ്പിച്ചേക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഹിസ്ബുല്ലയുടെ മൂന്ന് അംഗങ്ങള്‍ ഇസ്രായേല്‍ ആക്രമത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത് ഇസ്രായേല്‍ യുദ്ധമേഖല വ്യാപിപ്പിക്കുന്നതിന്റെ സൂചനയായും വിലയിരുത്തുന്നവരുണ്ട്. ഇറാന്റെ ഇടപെടലാണ് പ്രധാനമായും എണ്ണവിലയില്‍ മാറ്റമുണ്ടാക്കുക. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2018 ല്‍ ഇറാന്റെ എണ്ണ വ്യവസായത്തിന്മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അമേരിക്കയും ഇറാനും ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ 2022 ലും 2023 ലും ഇറാന്റെ എണ്ണ കയറ്റുമതിയും ഉല്‍പാദനവും ഉയര്‍ന്നു. ഹമാസ് ആക്രമണത്തില്‍ ഇറാന്റെ പങ്കാളിത്തത്തിന് എന്തെങ്കിലും തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഈ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാവുകയും ഇറാനിയന്‍ എണ്ണയ്ക്ക് യുഎസ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്‌തേക്കും. ഇറാനെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചാല്‍ എണ്ണവില ബാരലിന് 5 ഡോളര്‍ മുതല്‍ 10 ഡോളര്‍ വരെ ഉയരുമെന്ന് റാപിഡാന്‍ എനര്‍ജി ഗ്രൂപ്പ് പ്രസിഡന്റ് ബോബ് മക്‌നാലി വ്യക്തമാക്കിയിരുന്നു.