ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് സിഎഎ(പൗരത്വ ഭേദഗതി നിയമം) നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. 2019 ല്‍ പാസാക്കിയ നിയമം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും. സിഎഎയ്‌ക്കെതിരേ മുസ് ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനത്തിന് ശേഷം ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്‍കാന്‍ മാത്രമാണ് സിഎഎ ഉദ്ദേശിക്കുന്നത്. ഇത് ആരുടെയും ഇന്ത്യന്‍ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏകസിവില്‍ കോഡ് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ അജണ്ടയാണ്. എന്നാല്‍ പ്രീണനം മൂലം കോണ്‍ഗ്രസ് അത് അവഗണിച്ചു. ഉത്തരാഖണ്ഡില്‍ യുസിസി നടപ്പാക്കുന്നത് ഒരു സാമൂഹിക മാറ്റമാണ്. ഇത് എല്ലാ വേദികളിലും ചര്‍ച്ച ചെയ്യുകയും നിയമപരമായ പരിശോധന നടത്തുകയും ചെയ്യണം. ഒരു മതേതര രാജ്യത്തിന് മതാധിഷ്ഠിത സിവില്‍ കോഡുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 370 സീറ്റുകളും എന്‍ഡിഎയ്ക്ക് 400 സീറ്റുകളും ലഭിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് യാതൊരു സംശയവുമില്ല. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും വീണ്ടും പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞതായും അമിത് ഷാ പറഞ്ഞു. ഞങ്ങള്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ 370 സീറ്റുകളും എന്‍ഡിഎയെ 400ലധികം സീറ്റുകളും നല്‍കി അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായും ഇടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2024ല്‍ അമിത് ഷാ പറഞ്ഞു.
രാഷ്ട്രീയ ലോക്ദള്‍(ആര്‍എല്‍ഡി), ശിരോമണി അകാലിദള്‍(എസ്എഡി), മറ്റ് ചില പ്രാദേശിക പാര്‍ട്ടികള്‍ എന്നിവര്‍ എന്‍ഡിഎയില്‍ ചേരാനുള്ള സാധ്യത സംബന്ധിച്ചും സൂചന നല്‍കി. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒന്നും അന്തിമമാക്കിയിട്ടില്ല. 2024ലെ തിരഞ്ഞെടുപ്പ് എന്‍ഡിഎയും ഇന്ത്യന്‍ പ്രതിപക്ഷ കക്ഷിയും തമ്മിലുള്ള തിരഞ്ഞെടുപ്പായിരിക്കില്ല. മറിച്ച് വികസനത്തിനും മുദ്രാവാക്യം വിളിക്കുന്നവരും തമ്മിലായിരിക്കും. 1947ലെ രാജ്യ വിഭജനത്തിന് കോണ്‍ഗ്രസ് ഉത്തരവാദിയായതിനാല്‍ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോവാന്‍ നെഹ്‌റു-ഗാന്ധി സന്തതികള്‍ക്ക് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധവളപത്രത്തെ കുറിച്ചുള്ള ചോദ്യത്തിന്, 2014നു മുമ്പ് അധികാരമുണ്ടായപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ എന്തെല്ലാം കുഴപ്പമാണ് സൃഷ്ടിച്ചതെന്ന് അറിയാന്‍ രാജ്യത്തിന് പൂര്‍ണ അവകാശമുണ്ടെന്നും ഇത് ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. 'അന്ന് (2014) സമ്പദ്‌വ്യവസ്ഥ മോശം അവസ്ഥയിലായിരുന്നു. എല്ലായിടത്തും തട്ടിപ്പുകള്‍ ഉണ്ടായിരുന്നു. വിദേശ നിക്ഷേപം വരുന്നില്ല. ആ സമയത്ത് നമ്മള്‍ ഒരു ധവളപത്രം പുറത്തിറക്കിയിരുന്നെങ്കില്‍ അത് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുമായിരുന്നു. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം ഞങ്ങളുടെ സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചു. വിദേശ നിക്ഷേപം കൊണ്ടുവന്നു. അഴിമതിയൊന്നുമില്ല. അതിനാല്‍ ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് രാജ്യത്തെ ജനങ്ങള്‍ 500-550 വര്‍ഷമായി ആഗ്രഹിക്കുന്നു. എന്നാല്‍, പ്രീണന രാഷ്ട്രീയവും ക്രമസമാധാനപാലനവും ചൂണ്ടിക്കാട്ടി രാമക്ഷേത്ര നിര്‍മാണം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.