വിശ്വാസമില്ല; ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്
രാജ്യത്ത് വിതരണത്തിന് എത്തുന്ന കൊവിഡ് വാക്‌സിനെ 'ബിജെപിയുടെ വാക്‌സിന്‍' എന്ന് വിശേഷിപ്പിച്ചാണ് കുത്തിവയ്പ് എടുക്കില്ലെന്ന് വ്യക്തമാക്കിയത്.
ലഖ്‌നൗ: ബിജെപിയുടെ കോവിഡ് വാക്‌സിനില്‍ വിശ്വാസമില്ലെന്നും അത് തങ്ങള്‍ക്ക് വേണ്ടെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.രാജ്യത്ത് വിതരണത്തിന് എത്തുന്ന കൊവിഡ് വാക്‌സിനെ 'ബിജെപിയുടെ വാക്‌സിന്‍' എന്ന് വിശേഷിപ്പിച്ചാണ് കുത്തിവയ്പ് എടുക്കില്ലെന്ന് വ്യക്തമാക്കിയത്. ബിജെപി കൊണ്ടുവരുന്ന വാക്‌സിനുകളെ എങ്ങനെ വിശ്വസിക്കാനാകുമെന്നും ബിജെപിയുടെ പ്രതിരോധമരുന്ന് ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനുള്ള മറുപടിയുമായാണ് അഖിലേഷ് യാദവ് രംഗത്തെത്തിയത്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയും രംഗത്തെത്തി. ഞാന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവുക. 2022ല്‍ യുപിയില്‍ അധികാരത്തിലെത്തുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കും അഖിലേഷ് യാദവ് പറഞ്ഞു.
എന്നാല്‍ വാക്‌സിന്‍ കാര്യത്തില്‍ അഖിലേഷ് യാദവ് രാഷ്ട്രീയം കളിക്കുകയാണന്നുള്ള ആരോപണവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയുണ്ട്. ഈ പ്രസ്താവന രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമെന്നും ബിജെപി പ്രതികരിച്ചു.
'അഖിലേഷ് യാദവിന് വാക്‌സിനില്‍ വിശ്വാസമില്ല, ജനങ്ങള്‍ക്ക് അഖിലേഷിലും. പ്രതോരോധ മരുന്നിലുള്ള അവിശ്വാസ്യത ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമാണ്. ഈ പരാമര്‍ശത്തിന് അഖിലേഷ് യാദവ് മാപ്പു പറയേണ്ടതാണ്', ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
രാജ്യം അധികം വൈകാതെ വാക്‌സിനേഷനിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജനുവരി രണ്ട് മുതല്‍ ഇന്ത്യയില്‍ ഡ്രൈ റണ്‍ തുടങ്ങിയിരുന്നു. വാക്‌സിന്‍ ഉപയോഗം കൊണ്ട് രോഗസാധ്യതയെ 80 ശതമാനവും പിടിച്ച് നിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ പറഞ്ഞിരുന്നു.