പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവുമോ? തീരുമാനം ഇന്ന്

വൈകീട്ട് ഡെറാഡൂണില്‍ നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. രാവിലെ 9.30 ന് നിയമസഭയില്‍ എംഎല്‍എ മാരുടെ സത്യ പ്രതിജ്ഞ ചടങ്ങ് നടക്കും.

Update: 2022-03-21 02:11 GMT

ന്യൂഡല്‍ഹി: പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവുമോ എന്ന് ഇന്നറിയാം. വൈകീട്ട് ഡെറാഡൂണില്‍ നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. രാവിലെ 9.30 ന് നിയമസഭയില്‍ എംഎല്‍എ മാരുടെ സത്യ പ്രതിജ്ഞ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിംഗ്, മീനാക്ഷി ലേഖി എന്നിവര്‍ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കും.

ഇന്നലെ പുഷ്‌കര്‍ സിങ് ധാമി, രമേഷ് പൊഖ്രിയാല്‍, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരുമായി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റ പുഷ്‌കര്‍ സിങ് ധാമിക്കായി രാജിവെക്കാന്‍ തയ്യാറാണ് എന്ന് ആറ് ബിജെപി എംഎല്‍എമാര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാല് സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ബിജെപി ഉന്നതതല യോഗം ചര്‍ച്ച നടത്തിയിരുന്നു.

അടുത്തിടെ നടന്ന ഉത്തരാഖണ്ഡില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രം രചിച്ചാണ് ബിജെപി വീണ്ടും അധികാരത്തിലേക്ക് എത്തിയത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകള്‍ നേടിയാണ് ബിജെപി തുടര്‍ഭരണമെന്ന ചരിത്രം കുറിക്കുന്നത്. 25 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡ് ചെയ്യാനായത്. ഭരണത്തുടര്‍ച്ചയും മുഖ്യമന്ത്രിമാര്‍ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇത്തവണ തിരുത്തി എഴുതിയത്. എന്നാല്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ കാര്യത്തില്‍ ചരിത്രം വീണ്ടും തുടര്‍ന്നു. പാര്‍ട്ടി മുന്നിലായി എങ്കിലും ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തോറ്റു.

Tags:    

Similar News