കന്‍വാര്‍ യാത്രക്ക് അനുമതി കൊടുക്കരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Update: 2021-07-12 13:54 GMT

ഡറാഡൂണ്‍: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് കത്തെഴുതി. മൂന്നാം കൊവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കന്‍വാര്‍ യാത്ര പൊതുജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മൂന്നാം തരംഗം പടിവാതിക്കലെത്തി നില്‍ക്കുന്ന സമയത്ത് യാത്രക്ക് അനുമതി നല്‍കരുതെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി അണിത് ഖന്ന ആവശ്യപ്പെട്ടു.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കന്‍വാര്‍ യാത്ര ജൂലൈ 25നു തുടങ്ങി ആഗസ്റ്റ് ആദ്യ ആഴ്ചയാണ് അവസാനിക്കുക. യുപി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു പേര്‍ ഹരിദ്വാറിലെത്തി ഗംഗാജലം ശേഖരിച്ച് മടങ്ങും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കന്‍വാര്‍ യാത്ര കഴിഞ്ഞ വര്‍ഷം മാറ്റിവച്ചിരുന്നു.

ആദ്യ തരംഗത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ പെരുമാറിയതിന് രാജ്യം വലിയ വില കൊടുക്കേണ്ടിവന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കന്‍വാര്‍ യാത്രയേക്കാള്‍ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, അവസാന തീരുമാനം യുപി, ഹരിയാന സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടാണ് എടുക്കുക.

യുപി മുഖ്യമന്ത്രി ആദിത്യനാഥ് കന്‍വാര്‍ യാത്രക്കുള്ള ഒരുക്കള്‍ തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ജീവന്‍ പൊലിയുന്നത് ദൈവത്തിനിഷ്ടമല്ലെന്നായിരുന്നു പുഷ്‌കര്‍ സിങ് ധാമിയുടെ അഭിപ്രായം.

Tags:    

Similar News