ഓംകാരം മുഴക്കി, ചമ്രം പടിഞ്ഞിരുന്ന് യോഗാചരണം; മുസ്‌ലിം ലീഗ് അംഗങ്ങളുടെ നടപടി വിവാദത്തില്‍(വീഡിയോ)

വിശ്വാസത്തിനു കോട്ടംവരുത്തുമെന്നതിനാല്‍ യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം, ഓംകാരം എന്നിവ ഒഴിവാക്കിയാണ് മുസ്്‌ലിംകള്‍ പലയിടത്തും ഉപയോഗിക്കുന്നത്

Update: 2019-01-27 10:09 GMT

Full View

മലപ്പുറം: ചമ്രം പടിഞ്ഞിരുന്ന്, ഓംകാരം ഏറ്റുചൊല്ലി, വേദമന്ത്രങ്ങള്‍ ഉരുവിട്ട് യോഗ ആചരിക്കുന്ന മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ വിവാദം പുകയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആയുഷ് പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കുള്ള യോഗ പരിശീലനത്തിന്റെ എടക്കര ഗ്രാമപ്പഞ്ചായത്ത് തല ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങളാണ് വിവാദമായത്. എടക്കര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങ് സിപിഎം അംഗങ്ങള്‍ ബഹിഷ്‌കരിച്ചപ്പോള്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കുകയും ഓംകാരത്തോടെ തുടങ്ങി ഉരുവിട്ട് സംസ്‌കൃത ശ്ലോകങ്ങള്‍ വരെ ഏറ്റുചൊല്ലുകയും ചെയ്യുന്നുണ്ട്. ലീഗ് നേതാവും എടക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കബീര്‍ പനോളി ഉള്‍പ്പെടെയുള്ളവര്‍ സൂര്യനമസ്‌കാരം നടത്തി യോഗ ആചരിക്കുന്നത്. ആര്‍എസ്എസ് തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ യോഗയെ ദുരുപയോഗം ചെയ്യുന്നതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആയുഷ് വകുപ്പ് പഞ്ചായത്ത് തലത്തില്‍ യോഗാചരണം സംഘടിപ്പിച്ചത്. എന്നാല്‍, വിശ്വാസത്തിനു കോട്ടംവരുത്തുമെന്നതിനാല്‍ യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം, ഓംകാരം എന്നിവ ഒഴിവാക്കിയാണ് മുസ്്‌ലിംകള്‍ പലയിടത്തും ഉപയോഗിക്കുന്നത്. വ്യായാമ രീതിയെന്ന നിലയില്‍ ഏറെ പ്രചാരം നേടിയ യോഗയില്‍ നിന്നു വിശ്വാസപരമായി വിലക്കുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍, എടക്കരയില്‍ ലീഗ് അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കൂപ്പുകൈകളോടെ നമസ്‌തേ പറഞ്ഞ് വേദമന്ത്രങ്ങള്‍ ഉരുവിടുകയാണു ചെയ്തത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ചവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ വിശദീകരണവുമായി വൈസ് പ്രസിഡന്റ് കബീര്‍ പനോളി രംഗത്തെത്തി. സര്‍ക്കാര്‍ പരിപാടിയെ ആര്‍എസ്എസ് പരിപാടിയാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഎം അംഗങ്ങള്‍ക്ക് അന്ന് മറ്റു പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള യൂനിയന്‍ അംഗം കൂടിയായ ഇന്റര്‍നാഷനല്‍ യോഗ ട്രെയ്‌നറാണ് ക്ലാസ് നയിച്ചതെന്നും സിപിഎം ബഹിഷ്‌കരിച്ചെന്ന പ്രചാരണം തെറ്റാണെന്നും കബീര്‍ പനോളി പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന രീതിയില്‍ ഇടതു പത്രപ്രവര്‍ത്തകന്‍ മനപൂര്‍വം വീഡിയോ കട്ട് ചെയ്‌തെടുത്ത് തെറ്റിദ്ധരിപ്പിക്കുകയാണ്. അതില്‍ ഉരുവിട്ട മന്ത്രം ശാന്തിക്കു വേണ്ടിയുള്ളതാണെന്നും മുസ്‌ലിംകള്‍ നമസ്‌കാര ശേഷം ചൊല്ലുന്ന സമാധാനത്തിനു വേണ്ടിയുള്ള ദിക്‌റുകള്‍ക്കു സാമ്യമാണിതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായ യോഗ പരിശീലനത്തിലെ സൂര്യനമസ്‌കാരം എന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ഇടതുപക്ഷം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നു പരിപാടിയില്‍ അധ്യക്ഷത വഹിച്ച മുസ്‌ലിം ലീഗ് പഞ്ചായത്തംഗം ആയിഷക്കുട്ടി പറഞ്ഞു.





Tags:    

Similar News