വീടിന് മുന്നിലെ ഹോളി ആഘോഷത്തെ എതിര്‍ത്തു; യുപിയില്‍ വയോധികയെ തല്ലിക്കൊന്നു
കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വീടിന് മുന്നില്‍ ഹോളി ആഘോഷിക്കുന്നതിനെ എതിര്‍ത്ത 60 കാരിയെ ഒരുസംഘം അക്രമികള്‍ തല്ലിക്കൊന്നു. കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മെവാതി തോല പ്രദേശത്തായിരുന്നു സംഭവം. വീടിന് മുന്നില്‍ നടത്തിയ ഹോളി ആഘോഷത്തെ എതിര്‍ത്തതില്‍ പ്രകോപിതരായ അക്രമിസംഘം രാവിലെ 10 മണിയോടെ സംഘടിച്ചെത്തി വീട് കയറി ആക്രമിക്കുകയായിരുന്നു.
വീട്ടില്‍ അതിക്രമിച്ച് കടന്ന് 60 കാരിയായ വയോധികയെ വടിയും കല്ലും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വയോധികയുടെ രക്ഷയ്‌ക്കെത്തിയപ്പോഴാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റത്. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി അഡീഷനല്‍ പോലിസ് സൂപ്രണ്ട് പ്രശാന്ത് കുമാര്‍ പ്രസാദ് പറഞ്ഞു.