നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ഒളിവില്‍
ഒരു വര്‍ഷത്തോളം എസ്‌ഐ ഭീഷണിപ്പെടുത്തി നിരന്തര പീഡനത്തിനിരയാക്കിയെന്നും മുളന്തുരിത്തി സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു.
കൊച്ചി: എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ബാബു മാത്യുവിനെതിരേ പീഡന പരാതിയുമായി യുവതി രംഗത്ത്. പോലിസ് സ്‌റ്റേഷനില്‍ പിഴയടക്കാനെത്തിയ തന്നെ സൗഹൃദത്തിലാക്കി അതിന്റെ മറവില്‍ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് വീട്ടമ്മയായ യുവതി പരാതിയില്‍ പറയുന്നത്. ഒരു വര്‍ഷത്തോളം എസ്‌ഐ ഭീഷണിപ്പെടുത്തി നിരന്തര പീഡനത്തിനിരയാക്കിയെന്നും മുളന്തുരിത്തി സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു.
അതേസമയം, പീഡനപരാതിക്കു പിന്നാലെ 55കാരനായ ബാബു മാത്യു ഒളിവില്‍ പോയി.വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി എസ്‌ഐ സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു. ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിലുള്ളത്.
യുവതിയുടെ പരാതിയില്‍ മുളംതുരുത്തി പോലിസ് കേസെടുത്തു. 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയതിന് പിന്നാലെ മജിസ്‌ട്രേറ്റിനു മുമ്പാകെ 164 പ്രകാരം യുവതി മൊഴി നല്‍കി. മുളം തുരുത്തി സ്‌റ്റേഷനില്‍ അഡി. എസ്‌ഐയായി ബാബു ജോലി ചെയ്യുന്ന സമയത്താണ് യുവതിയുമായി പരിചയത്തിലാകുന്നത്.
വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി സ്‌റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് സ്‌റ്റേഷനിലെത്തിയപ്പോള്‍ ഗൂഢലക്ഷ്യത്തോടെ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന യുവതിയെ നിരന്തരം ഫോണില്‍ വിളിക്കുകയും തുടര്‍ന്ന് ഈ സൗഹൃദത്തിന്റെ മറവില്‍ ഇയാള്‍ വീട്ടില്‍ എത്തുകയും ചെയ്തു.
ഒരു ദിവസം മുറിയില്‍ തുണി മാറുമ്പോള്‍ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നും പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ റിപ്പോര്‍ട്ട് കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.
നേരത്തെ ഉദയംപേരൂര്‍ സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കുമ്പോള്‍ സൗത്ത് പറവൂരിലെ വ്യാജ മദ്യസംഘത്തില്‍ നിന്ന് പണം വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സസ്പന്‍ഷനിലായിരുന്ന ഇയാള്‍ ഒരു മാസം മുന്‍പാണ് തിരിച്ച് സര്‍വീസില്‍ എത്തിയത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ട്രാന്‍സ്ഫറും പണിഷ്‌മെന്റ് ട്രാന്‍സ്ഫറും കിട്ടിയ ശേഷം എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിയ എസ്‌ഐക്കെതിരെയാണ് ഇപ്പോള്‍ ലൈംഗിക പീഡനക്കേസ്.