നിധി കണ്ടെത്താന്‍ യുപിയില്‍ അഞ്ച് വയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു; അയല്‍ക്കാരിയും മകളും കസ്റ്റഡിയില്‍
അയല്‍ക്കാരായ സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ബലിനല്‍കിയതാണെന്ന വിവരം ലഭിച്ചത്. കുഴിച്ചുമൂടിയ നിധി കണ്ടെടുക്കുന്നതിന് മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ബലി നല്‍കിയതെന്നായിരുന്നു ഇവരുടെ മൊഴി. ആചാരത്തിന്റെ ഭാഗമായി ഒരു കുട്ടിയെ ബലി നല്‍കിയാല്‍ തങ്ങള്‍ക്ക് നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി ഇവരെ വിശ്വസിപ്പിച്ചിരുന്നത്.
ലഖ്‌നോ: കുഴിച്ചുമൂടിയ നിധി കണ്ടെത്തുന്നതിനായി ഉത്തര്‍പ്രദേശില്‍ നരബലി. അയല്‍വാസിയായ യുവതിയും മകളും ചേര്‍ന്ന് അഞ്ചുവയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കോട്‌വാലി പോലിസ് സ്‌റ്റേഷന് കീഴിലുള്ള ചമ്രൗദി ഗ്രാമത്തിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. യുവതിയെയും മകളെയും യുവതിയുടെ ഭര്‍ത്താവിനെയും പോലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പത്ത് ദിവസം മുമ്പാണ് മരിച്ചത്. ഏറെനാളായി അസുഖബാധിതനായിരുന്നു ഇദ്ദേഹം. ഈ മരണത്തിന്റെ ദു:ഖം വിട്ടൊഴിയും മുമ്പാണ് അഞ്ച് വയസ്സുകാരിയുടെയും വേര്‍പാട് കുടുംബത്തിനുണ്ടായിരിക്കുന്നത്.
അഞ്ച് വയസ്സുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാവ് പോലിസിനെ സമീപിക്കുകയായിരുന്നു. പോലിസ് അന്വേഷണം നടത്തുന്നതിനിടെ അയല്‍ക്കാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെ ചൊവ്വാഴ്ച അയല്‍ക്കാരിയുടെ ഇളയമകനെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരമാണ് കേസില്‍ നിര്‍ണായകമായത്. കാണാതായ പെണ്‍കുട്ടിയെ തന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് കൊന്ന് മൃതദേഹം ആറ്റില്‍ തള്ളിയെന്ന് കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് പോലിസ് സംഘം പരിശോധന നടത്തി മൃതദേഹം കണ്ടെടുത്തു.
അയല്‍ക്കാരായ സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ബലിനല്‍കിയതാണെന്ന വിവരം ലഭിച്ചത്. കുഴിച്ചുമൂടിയ നിധി കണ്ടെടുക്കുന്നതിന് മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ബലി നല്‍കിയതെന്നായിരുന്നു ഇവരുടെ മൊഴി. ആചാരത്തിന്റെ ഭാഗമായി ഒരു കുട്ടിയെ ബലി നല്‍കിയാല്‍ തങ്ങള്‍ക്ക് നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി ഇവരെ വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് യുവതിയും മകളും ചേര്‍ന്ന് അയല്‍വീട്ടിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
മരണകാരമാവുന്ന തരത്തില്‍ കഴുത്തില്‍ മാരകമായ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് കോട്‌വാലി പോലിസ് ഇന്‍സ്‌പെക്ടര്‍ ഭാസ്‌കര്‍ മിശ്ര പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പരാതിയുടെയും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. പ്രതികളായ സ്ത്രീയെയും മകളെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കേസിന്റെ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.