കുഞ്ഞിനെ ആക്രമിച്ച കടുവയുമായി ഏറ്റുമുട്ടി മാതാവ്; ഒടുവില്‍ സാഹസിക രക്ഷപ്പെടല്‍
ഭോപാല്‍: സ്വന്തം കുഞ്ഞിനെ ആക്രമിച്ച കടുവയെ സധൈര്യം നേരിട്ട് മാതാവ്. മധ്യപ്രദേശ് ഉമരിയ ജില്ലയിലെ ജബല്‍പുരിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് സമീപമാണ് സംഭവമുണ്ടായത്. ഒന്നര വയസ്സുകാരനായ മകനെ രക്ഷിക്കാനാണ് രോഹാനിയ ഗ്രാമവാസിയായ അര്‍ച്ചന ചൗധരി (25) മരണത്തെ മുന്നില്‍കണ്ട് കടുവയുമായി പോരടിച്ചത്. മല്‍പ്പിടിത്തത്തിനൊടുവില്‍ 15 മാസം പ്രായമായ മകന്‍ രവിരാജിനെ കടുവയുടെ പിടിയില്‍ നിന്ന് മാതാവ് സാഹസികമായി രക്ഷപ്പെടുത്തി. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും ചികില്‍സയിലാണ്. എന്നാല്‍, പരിക്ക് ഗുരുതരമല്ല.
ഇടുപ്പിലും, കൈയിലും പുറത്തും ശരീരമാസകലവുമാണ് അര്‍ച്ചനയ്ക്ക് പരിക്കേറ്റത്. കുഞ്ഞിന്റെ തലയിലും പുറത്തും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ മാള ബീറ്റിന് സമീപത്ത് വച്ചാണ് കടുവ കുഞ്ഞിനെ കടിച്ചെടുത്തത്. കൃഷിയിടത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ കുട്ടിയുടെ കരച്ചില്‍കേട്ടാണ് ഓടിയെത്തിയത്. കടുവയുടെ പിടിയിലകപ്പെട്ട കുഞ്ഞിനെ കണ്ട യുവതി സധൈര്യം കടുവയുമായി ഏറ്റുമുട്ടുകയായിരുന്നു. യാതൊരു ആയുധങ്ങളുമില്ലാതെ ധൈര്യവും മനസ്സാന്നിധ്യവും കൈവിടാതെ യുവതി കടുവയെ നേരിടുകയായിരുന്നു.
കടുവയുടെ താടിയെല്ലില്‍ പിടിച്ചാണ് അര്‍ച്ചന മല്‍പ്പിടുത്തം നടത്തിയത്. ഇതോടെ കടുവ നഖങ്ങള്‍കൊണ്ട് അര്‍ച്ചനയെ ആക്രമിച്ചു. അപ്പോഴും കടുവയുടെ താടിയെല്ലില്‍നിന്ന് പിടിവിടാന്‍ അര്‍ച്ചന കൂട്ടാക്കിയില്ല. അര്‍ച്ചനയുടെ കരച്ചിലും നിലവിളിയും കടുവയുടെ അലര്‍ച്ചയും കേട്ട ഗ്രാമവാസികള്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. എല്ലാവരെയും കണ്ടതോടെ കടുവ കുഞ്ഞിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി. കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഗ്രാമവാസികള്‍ ശ്രദ്ധപാലിക്കണം.
വനമേഖലയില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും ജബല്‍പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു- ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വ് മാനേജര്‍ ലവിത് ഭാരതിയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പരിസരത്ത് കടുവയുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് ഭോല ചൗധരി പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.