വാഷിങ്ടണ്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പാവപ്പെട്ടവരുടെയും നിര്‍ധനരുടെയും കുടുംബങ്ങള്‍ക്ക് സാമൂഹിക സഹായം നല്‍കാനായി ലോക ബാങ്ക് നൂറു കോടി ഡോളര്‍ കൂടി നല്‍കും. ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞമാസം ലോകബാങ്ക് 100 കോടിയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യക്ക് കൊവിഡ് പ്രതിരോധത്തിന് ലോകബാങ്ക് നല്‍കിയ ആകെ സഹായം 200 കോടി ഡോളറായി. ഇപ്പോള്‍ അനുവദിച്ച 100 കോടി ഡോളറില്‍ 55 കോടി ഡോളര്‍ ഐഡിഎ(ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍)യില്‍നിന്നും 20 കോടി ഡോളര്‍ ഐബിആര്‍ഡി(ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീ കണ്‍സ്ട്രക്്ഷന്‍ ആന്റ് ഡെവല്പമെന്റ്)യില്‍ നിന്നുമാണ് നല്‍കുക. ബാക്കി 250 ദശലക്ഷം ഡോളര്‍ 2020 ജൂണ്‍ 30നു ശേഷം നല്‍കും. 18.5 വര്‍ഷമാണ് കാലാവധി.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കലും ലോക്ക്ഡൗണും ഇതിനു മുമ്പില്ലാത്തവിധം ലോകരാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് നടപ്പാക്കേണ്ടി വന്നതായി ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍(ഇന്ത്യ) ജുനൈദ് അഹമ്മദ് പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയെയും അസംഘടിത മേഖലയെയും ബാധിച്ചതായി അദ്ദേഹം പറഞ്ഞു.