ഇന്ത്യ സെമിയില്‍; ബംഗ്ലാദേശിനെതിരേ 28 റണ്‍സ് ജയം
ടോസ് ലഭിച്ച ഇന്ത്യ രോഹിത്ത് ശര്‍മ(104)യുടെ സെഞ്ചുറിയുടെയും രോഹുലി(77)ന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു
ബെര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ ഉയര്‍ത്തിയ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശ് അവസാനം വരെ പൊരുതിയാണ് തോറ്റത്. തുടക്കത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിനെ കൂടുതല്‍ റണ്‍സൊന്നും വിട്ടുനല്‍കാതെ പിടിച്ചുകെട്ടിയെങ്കിലും പിന്നീട് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ ഫോം കണ്ടെത്തുകയായിരുന്നു. ഷാക്കിബ് 66 റണ്‍സെടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി. ഷാക്കിബിന് ശേഷം എത്തിയവരില്‍ സെയ്ഫുദ്ദീന്‍ മാത്രമാണ് പിടിച്ചുനിന്നത്. 51 റണ്‍സെടുത്ത് സെയ്ഫുദ്ദീന്‍ പുറത്താവാതെ നിന്നെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആളില്ലാത്തത് ബംഗ്ലാദേശിന് തിരിച്ചടിയായി. സാബിര്‍(36), സൗമ്യ സര്‍ക്കാര്‍(33) റണ്‍സെടുത്തു. കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തെങ്കിലും നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് ആശ്വാസകരമായ പ്രകടനം കാഴ്ചവച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നുവിക്കറ്റ് നേടി. ആസ്‌ത്രേലിയയ്ക്കു താഴെ പോയിന്റ് പട്ടികയില്‍ രണ്ടാമതായാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്.
നേരത്തേ, ടോസ് ലഭിച്ച ഇന്ത്യ രോഹിത്ത് ശര്‍മ(104)യുടെ സെഞ്ചുറിയുടെയും രോഹുലി(77)ന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു. തുടക്കത്തില്‍ മികച്ച നിലയിലായിരുന്ന ഇന്ത്യയുടെ വാലറ്റം തകര്‍ന്നതോടെ കൂറ്റന്‍ സ്‌കോര്‍ എന്ന ലക്ഷ്യത്തിലെത്താനായില്ല. ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസൂര്‍ അഞ്ച് വിക്കറ്റ് നേടി. രാഹുലും രോഹിത്തും ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. ഇരുവരും പുറത്തായ ശേഷമെത്തിയ കോഹ് ലി(26)ക്കും അധികമൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. മറുവശത്ത് ഋഷഭ് പന്ത് 48 റണ്‍സെടുത്തു. കോഹ്‌ലിക്കു ശേഷമെത്തിയവരില്‍ ധോണി (35)മാത്രമാണ് പിടിച്ചുനിന്നത്. തുടര്‍ന്നാണ് ബംഗ്ലാദേശ് മികച്ച ബൗളിങിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയത്.
അരങ്ങേറ്റമല്‍സരം കളിച്ച ദിനേശ് കാര്‍ത്തിക്ക് എട്ട് റണ്‍സെടുത്ത് പുറത്തായി. ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് രോഹിത്തിനു സ്വന്തമായി. ഇതുവരെ നാല് സെഞ്ചുറിയാണ് രോഹിത്ത് നേടിയത്. മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി മൂന്ന് സെഞ്ചുറി നേടിയിരുന്നു. നാല് സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരം കുമാര സങ്കകാരയുടെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്തിനായി.