കാന്‍സര്‍ ബാധിതക്ക് കാന്‍സറില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡൈനോവ ലാബ് തുറന്നു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
12 തവണ കീമോതെറാപ്പിക്ക് വിധേയയായ നൂറനാട് സ്വദേശിനിയുടെ രക്തം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പഴയറോഡില്‍ പ്രവര്‍ത്തിക്കുന്ന ഡൈനോവ ലാബില്‍ പരിശോധിച്ചപ്പോഴാണ് കാന്‍സര്‍ ഇല്ലെന്ന് തെറ്റായി റിപ്പോര്‍ട്ട് നല്‍കിയത്.
തിരുവനന്തപുരം: കാന്‍സര്‍ ബാധിതയ്ക്ക് രക്തപരിശോധനയിലൂടെ കാന്‍സര്‍ രോഗമില്ലെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പോലിസ് പൂട്ടിച്ച ഡൈനോവ ലാബ് വീണ്ടും തുറന്നതിനെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പോലിസിനോട് ആവശ്യപ്പെട്ടു.
പരാതിയെ തുടര്‍ന്ന് പോലിസ് പൂട്ടിച്ച ലാബ് വ്യാഴാഴ്ചയാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. മെഡിക്കല്‍ കോളജ് സിഐക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. 12 തവണ കീമോതെറാപ്പിക്ക് വിധേയയായ നൂറനാട് സ്വദേശിനിയുടെ രക്തം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പഴയറോഡില്‍ പ്രവര്‍ത്തിക്കുന്ന ഡൈനോവ ലാബില്‍ പരിശോധിച്ചപ്പോഴാണ് കാന്‍സര്‍ ഇല്ലെന്ന് തെറ്റായി റിപ്പോര്‍ട്ട് നല്‍കിയത്. ബുധനാഴ്ചയാണ് പരിശോധന നടന്നത്. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തുടരുന്ന വ്യക്തി തിരുവനന്തപുരത്ത് വിദഗ്ദ്ധ ചികിത്സക്കെത്തിയപ്പോഴാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഡൈനോവ ലാബില്‍ നിന്ന് രക്തം പരിശോധിപ്പിച്ചത്.
ഇതേ ലാബിനെതിരേ ഇതിന് മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഡൈനോവ ലാബിന്റെ കോട്ടയം ശാഖയില്‍ കാന്‍സര്‍ ഇല്ലാത്ത രജനി എന്ന രോഗിക്ക് കാന്‍സര്‍ ഉണ്ടെന്നാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ രജനിക്ക് കീമോ തെറാപ്പിയും നടത്തി. ഇതേ വിഷയത്തില്‍ പരാതിക്കാരന്‍ നല്‍കിയ മറ്റൊരു പരാതി കമ്മീഷന്റെ പരിഗണനയിലാണ്. പ്രസ്തുത പരാതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലാബുകള്‍ നിരവധി ഉള്ളപ്പോള്‍ ചില ഡോക്ടര്‍മാര്‍ ഏജന്റുമാര്‍ വഴി രോഗികളെ സ്വകാര്യ ലാബുകളില്‍ അയക്കുന്നതായി പരാതിയില്‍ പറയുന്നു.