അഞ്ച് വയസുകാരന് എച്ച്‌ഐവിയെന്ന് ചാവക്കാട്ടെ സ്വകാര്യ ലാബ്; ഇല്ലെന്ന് സര്‍ക്കാര്‍ ആശുപത്രി ലാബ്
ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ടും പരിശോധന നടത്തി. എന്നാല്‍ രണ്ടിടത്തും എച്ച്‌ഐവി നെഗറ്റീവ് എന്നായിരുന്നു ഫലം.
ചാവക്കാട്: ത്വക്ക് രോഗ ചികിത്സക്ക് രക്ത പരിശോധന നടത്തിയ അഞ്ച് വയസുകാരന് എച്ച്‌ഐവിയെന്ന് ചാവക്കാട്ടെ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രിയുള്‍പ്പെടെ മൂന്നിടത്ത് നടത്തിയ രക്ത പരിശോധനയില്‍ ഫലം മറിച്ച്. ഇതോടെ മുഖ്യമന്തിയും ആരോഗ്യ മന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന തെരുവില്‍ സലീമാണ് പരാതി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ത്വക്ക് രോഗത്തെ തുടര്‍ന്ന് മകനുമായി സലീം ചാവക്കാട് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ ക്ലീനിക്കിലെത്തിയത്.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഈ ക്ലീനിക്കിന് സമീപത്തെ മഹാലക്ഷ്മി കംപ്യൂട്ടറൈസ്ഡ് ക്ലീനിക്കല്‍ ലാബിലെത്തി ആര്‍ബിഎസ്, എച്ച്‌ഐവി എന്നിവയുടെ പരിശോധനക്ക് കുട്ടിയുടെ രക്തമെടുത്തു. രക്ത പരിശോധനയെ തുടര്‍ന്ന് എച്ച്‌ഐവി രോഗബാധയുടെ നേരിയ സൂചനകളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ലാബില്‍ നിന്നും ലഭിച്ചത്.
റിപ്പോര്‍ട്ട് കണ്ട ഡോക്ടറും ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളോടു വെളിപ്പെടുത്തി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ടും പരിശോധന നടത്തി. എന്നാല്‍ രണ്ടിടത്തും എച്ച്‌ഐവി നെഗറ്റീവ് എന്നായിരുന്നു ഫലം. ഇതോടെ കുട്ടിയുടെ ബന്ധുക്കള്‍ മഹാലക്ഷ്മി ലാബിലെത്തി ലാബ് ഉടമയോട് മറ്റു സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയെകുറിച്ചും റിപ്പോര്‍ട്ടിനെ കുറിച്ചും പറഞ്ഞു. എന്നാല്‍, ലാബ് ഉടമ കുട്ടിക്ക് എച്ച്‌ഐവി പോസിറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബില്‍ നടത്തിയ പരിശോധന ഫലത്തില്‍ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും കുട്ടിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. കൂടാതെ കുട്ടിയുടെ പിതാവിനോടും ബന്ധുക്കളോടും മോശമായാണ് ലാബ് ഉടമ സംസാരിച്ചെന്നും പരാതിയുണ്ട്. കുടുംബത്തെ കടുത്ത മനോവിഷമത്തിലാക്കി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആരോഗ്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കാണ് സലീം പരാതി നല്‍കിയത്.