യമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: യമുന നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 7000 പേരെ ഒഴിപ്പിച്ചു. ഇതില്‍ പലരും റോഡരികിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കനത്തമഴയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയത്. തുടര്‍ന്നാണ് തീരപ്രദേശങ്ങളിലുള്ളവരെ അധികൃതര്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയത്.
അതേസമയം, ഇപ്പോള്‍ നിലവില്‍ അപകടകരമായ നിലയിലും താഴെയാണ് യമുനയിലെ ജലനിരപ്പ്. ജലനിരപ്പ് ഇനിയും താഴുമെന്നാണ് അധികൃതര്‍ പറയുന്നത്.
താഴ്ന്ന പ്രദേശങ്ങളിലുള്ള 5000 പേരെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിന് സമീപമുള്ള ടെന്റുകളിലേക്ക് മാറ്റി. 2000 പേര്‍ വടക്കുകിഴക്കന്‍ ജില്ലകളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. കൃഷിയിടങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാണ്. പാകമായിട്ടില്ലെങ്കിലും വിളകള്‍ പറിച്ചെടുത്ത് വില്‍ക്കാന്‍ ശ്രമിക്കുകയാണ് കര്‍ഷകര്‍. കാലികളുമായി മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങാനാകാത്തതിനാല്‍ മയൂര്‍ വിഹാറില്‍ റോഡരികില്‍ ടെന്റുകള്‍ കെട്ടി നല്‍കുകയാണ് ഭരണകൂടം. എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.
ഹരിയാന ഹത്‌നികുണ്ഡ് ബാരേജില്‍നിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ തുടരുന്നതുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം.