ന്യൂഡല്‍ഹി: ദിവസങ്ങളായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്ത മഴയില്‍ മരണസംഖ്യ 100 പിന്നിട്ടു. അതിനിടെ, യമുനാ നദിയില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. എക്കാലത്തേയും ഉയര്‍ന്ന ജലനിരപ്പായ 208.05 മീറ്ററിലേക്കെത്തിയതോടെ അതീവ അപകടാവസ്ഥയിലാണ്. അപകടസൂചികയ്ക്ക് മൂന്നു മീറ്റര്‍ ഉയരത്തിലാണ് നിലവിലെ ജലനിരപ്പ്. ഇതോടെ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയി. കൃഷിയെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. 16564 ആളുകളെ ഇതുവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 14534 പേരാണ് ടെന്റുകളില്‍ താമസിക്കുന്നത്. റോഡ് ഗതാഗതത്തെയും വെള്ളക്കെട്ട് ബാധിച്ചു. കന്നുകാലികളെ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഭൂരിഭാഗം ആളുകളും തയ്യാറാവുന്നില്ലെന്നാണ് റിപോര്‍ട്ട്. യമുനയുടെ തീരത്ത് മയൂര്‍വിഹാറില്‍ മാത്രം നൂറിലധികം കുടുംബങ്ങളാണ് ടെന്റുകളില്‍ താമസിക്കുന്നത്. പലര്‍ക്കും മതിയായ ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വിതരണത്തിനായി കൊണ്ടു വരുന്ന ഭക്ഷണം ഇവിടെയുള്ള പകുതി പേര്‍ക്ക് പോലും തികയുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഏറെക്കുറെ ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഹരിയാണ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നു വിട്ടതിനെ പിന്നാലെയാണ് യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഡല്‍ഹി പ്രളയഭീഷണിയിലാണെന്നും അണക്കെട്ട് തുറക്കുന്നതില്‍ ഇടപെടണമെന്ന് കെജ്‌രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലം തുറന്നു വിടാതെ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
വ്യാഴാഴ്ച ഉച്ചയോടെ നദിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായതും ആശ്വാസകരമായിട്ടുണ്ട്. ജലനിരപ്പുയര്‍ന്നതിന് പിന്നാലെ യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാംപുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കാനായി 16 കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.