ഡല്‍ഹിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; നിരവധി വീടുകള്‍ തകര്‍ന്നു, ഗതാഗതം സ്തംഭിച്ചു
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപമേഖലകളായ നോയിഡയിലും ഗാസിയാബാദിലും കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ജനജീവിതം ദുസ്സഹമായി. ഡല്‍ഹിയിലും ഗുഡ്ഗാവിലും കനത്ത മഴയില്‍ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. ഇത് പല മേഖലകളിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ഡല്‍ഹിയില്‍ മഴയുടെ ശക്തി കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. റോഡുകള്‍ തകര്‍ന്നതും രൂക്ഷമായ ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി ഡല്‍ഹി ട്രാഫിക് പോലിസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍നിന്നുള്ള തെക്ക്- പടിഞ്ഞാറന്‍ കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള തെക്ക്- കിഴക്കന്‍ കാറ്റും ശക്തിയാര്‍ജിച്ചതാണ് രാജ്യതലസ്ഥാനത്ത് മഴയുടെ തീവ്രത വര്‍ധിക്കാനുള്ള കാരണമെന്നാണ് കാലാവസ്ഥാ റിപോര്‍ട്ടുകള്‍.
കനത്ത മഴയില്‍ നിരവധി വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഡല്‍ഹിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഒരു പഴയ വീട് ഇടിഞ്ഞുവീണു. ഡല്‍ഹിയിലെ നംഗ്ലോയിയില്‍ മറ്റൊരു വീടും തകര്‍ന്നിട്ടുണ്ട്. അതേസമയം, ഡല്‍ഹിയില്‍ ആഗസ്തിലെ കണക്കുകള്‍പ്രകാരം മഴയുടെ അളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
സാധാരണനിലയില്‍ 157.1 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 139.2 മില്ലീമീറ്റര്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍, മഴക്കാലം ആരംഭിക്കുന്ന ജൂണ്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആറുശതമാനം മഴയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 433.2 മില്ലീമീറ്റര്‍ മഴ ലഭിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 457.8 മില്ലീമീറ്റര്‍ മഴയാണെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.