കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ഡല്‍ഹി; സ്‌കൂളുകള്‍ക്ക് അവധി, ഗുരുഗ്രാമില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

Update: 2022-09-23 03:57 GMT

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിനവും ശക്തമായ മഴ തുടരുന്നതോടെ വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് തലസ്ഥാന നഗരം. നിരവധി പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുകയും നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതം താറുമാറാവുകയും ചെയ്തു. ഡല്‍ഹി- എന്‍സിആര്‍ മേഖലയില്‍ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. ഇഫ്‌കോ ചൗക്ക്, ശങ്കര്‍ ചൗക്ക്, രാജീവ് ചൗക്ക്, ഗുഡ്ഗാവ്- ഡല്‍ഹി അതിര്‍ത്തിക്ക് സമീപമുള്ള സര്‍ഹൗള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ദേശീയ പാത (എന്‍എച്ച്) 48ന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുട്ടൊപ്പം വെള്ളത്തിലാണ് കാല്‍നട യാത്രക്കാര്‍ നടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച നഗരത്തിലെ മിക്ക സ്ഥലങ്ങളിലും മിതമായ മഴയെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാരാന്ത്യത്തിലും തലസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മിക്കയിടങ്ങളിലും പൊതുവെ മേഘാവൃതമായ ആകാശവും മിതമായ മഴയും ഇടിമിന്നലോടുകൂടിയ മഴയുമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 28 ഡിഗ്രി സെല്‍ഷ്യസും 23 ഡിഗ്രി സെല്‍ഷ്യസുമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നോയിഡയിലും ഗുരുഗ്രാമിലും വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളുകള്‍ക്ക് (എട്ടാം ക്ലാസ് വരെ) അവധി പ്രഖ്യാപിച്ചു. കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്ത് വെള്ളിയാഴ്ച സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി ഗുരുഗ്രാം നഗരസഭാ അധികൃതര്‍.

കനത്ത മഴയിലെ വെള്ളക്കെട്ടില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മേഖലയിലെ കോര്‍പറേറ്റ്- സ്വകാര്യസ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാന്‍ ഗുരുഗ്രാം ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അതുവഴി ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവും- ഗുരുഗ്രാം മാനേജ്‌മെന്റ് അതോറിറ്റി പറഞ്ഞു. നഗരത്തില്‍ കുറഞ്ഞ താപനില 23.8 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

Tags:    

Similar News