ഗുരുഗ്രാമില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു

Update: 2022-10-10 02:03 GMT

ന്യൂഡല്‍ഹി: ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ മഴവെള്ളം നിറഞ്ഞ തടാകത്തില്‍ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു. 8നും 13നുമിടയ്ക്ക് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പ്രദേശവാസികളാണ് എല്ലാവരും. ഞായറാഴ്ച ഗുഡ്ഗാവിലെ ബജ്‌ഗേര ഏരിയയിലെ സെക്ടര്‍ 111 ലായിരുന്നു അപകടം. ഗുരുഗ്രാം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വെള്ളം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു തടാകം. കുട്ടികള്‍ ഒഴുക്കിലകപ്പെട്ടതറിഞ്ഞ് അഗ്‌നിശമനസേയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പോലിസും ജില്ലാ ഭരണകൂടവും അറിയിച്ചു. ദേവ (11), ദുര്‍ഗേഷ്, അജിത്, രാഹുല്‍, പിയൂഷ്, വരുണ്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദുര്‍ഗേഷും അജിത്തും സഹോദരങ്ങളാണെന്ന് പോലിസ് പറഞ്ഞു. ശങ്കര്‍ വിഹാര്‍ കോളനിയിലെ താമസക്കാരായ കുട്ടികളെല്ലാം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറ് കുട്ടികള്‍ മുങ്ങിമരിച്ചതായാണ് പ്രാഥമിക വിവരം. ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

എല്ലാവരും 8 നും 13 നും ഇടയില്‍ പ്രായമുള്ളവരാണ്. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ കുട്ടികളെ കാണാതായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തിരച്ചുല്‍ തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനാ ടീമും മുങ്ങല്‍ വിദഗ്ധരും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ദേശീയ ദുരന്ത പ്രതികരണ സേനയും യാത്രതിരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ തടാകത്തിലെ വെള്ളം വറ്റിക്കുമെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് പറഞ്ഞു.

Tags:    

Similar News