മലപ്പുറം: ഗൂഢല്ലൂര്‍ ചെമ്പാല സ്വദേശിനിയായ യുവതി നിലമ്പൂരിലെ കുളത്തില്‍ മുങ്ങി മരിച്ചു. ഗൂഢല്ലൂര്‍ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകള്‍ മഹാലക്ഷ്മിയാണ് ജോലിസ്ഥലത്തെ പുതിയ കുളത്തില്‍ മുങ്ങി മരിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം. മഞ്ചേരി സ്വദേശിയുടെ റബര്‍ തോട്ടത്തിലാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കള്‍ ടാപ്പിങ് ജോലിചെയ്യുന്നത്.
പറമ്പില്‍ കുടിവെള്ള ആവശ്യത്തിനും കൃഷിക്കുമായി കുഴിച്ച കുളത്തില്‍ ഇളയ സഹോദരി രേവതിയുടെയും നാല് വയസ്സുകാരിയായ മകള്‍ അശ്വരഥയുടെയുമൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് 25 വയസ്സുകാരിയായ മഹാലക്ഷ്മി അപകടത്തില്‍പ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മഹാലക്ഷ്മിയെ രക്ഷിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.