യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്: മലയാളി യുവതിയുടെ വധശിക്ഷയ്ക്കു സ്‌റ്റേ
ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു ഇതോടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു.
കൊച്ചി: കൊലപാതകക്കേസില്‍ യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്‌റ്റേ. ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു ഇതോടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു.
ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നത കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടുന്നത്. അപ്പീല്‍ കോടതി സ്വീകരിച്ചെന്ന വിവരം നിമിഷയുടെ അഭിഭാഷകന്‍ അഡ്വ. കെ എല്‍ ബാലചന്ദ്രനെ ഉദ്ധരിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. യെമനില്‍ ക്ലിനിക്ക് നടത്താന്‍ സഹകരിച്ച യുവാവില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിമിഷ മുന്‍പ് പറഞ്ഞു. ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് കൊലപാതകം ചെയ്തുപോയതെന്ന് വിവരിച്ചുകൊണ്ട് ജയിലില്‍ നിന്ന് നിമിഷ ബന്ധുക്കള്‍ക്ക് കത്തയച്ചു. ശാരീരികമായ ആക്രമണത്തിന് ഇരയായ തന്റെ ആഭരണങ്ങളും പണവും യുവാവ് തട്ടിയെടുത്തെന്ന് കത്തില്‍ പറയുന്നു. ലൈംഗികവൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചതും കൊലപാതകം ചെയ്യാന്‍ നിര്‍ബന്ധിതയാക്കിയെന്നും കത്തില്‍ വിവരിക്കുന്നു.
നാട്ടില്‍ ഭര്‍ത്താവും മക്കളുമുളള നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ യുവതിയുടെ മോചനം സാധ്യമാകുകയുളളുവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ നിയമം അനുസരിച്ച് ബ്ലഡ് മണി കുടുംബം സ്വീകരിച്ചാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാകാം. ജയിലില്‍നിന്ന് മോചിപ്പിക്കാനും കുടുംബത്തിന് കോടതിയോട് ആവശ്യപ്പെടാം. 70 ലക്ഷം രൂപയാണ് ബ്ലഡ് മണിയായി നല്‍കേണ്ടി വരിക.
2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കൊലപാതകം നടന്നത്. കൊലയ്ക്കു കൂട്ടുനിന്ന നഴ്‌സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.