റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്റെ(63) വധശിക്ഷയാണ് നടപ്പാക്കിയത്. സൗദി പൗരനായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷാവിധി നടപ്പാക്കിയത്. റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവച്ചതിനെ തുടര്‍ന്നാണ് നടപടി. കൊലപാതകം നടന്ന ശേഷം പോലിസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി നേരത്തേ വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ശിക്ഷയില്‍ ഇളവ് തേടി സുപ്രിംകോടതിയെയും റോയല്‍ കോര്‍ട്ടിനെയും സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. ഇതേസമയം, തബൂക്കില്‍ ആംഫറ്റാമിന്‍ ലഹരി ഗുളികകള്‍ കടത്തിയെന്ന കേസില്‍ ഈദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദ് അല്‍ അമീരി എന്ന സൗദി പൗരന്റെയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. വ്യാഴാഴ്ച തന്നെയാണ് ഇദ്ദേഹത്തിന്റെയും ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇരുകേസുകളിലും സുപ്രിംകോടതിയും റോയല്‍കോര്‍ട്ടും നല്‍കിയ ശിക്ഷ ശരീഅ കോടതി ശരിവയ്ക്കുകയായിരുന്നു.