'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ഇസ്രായേലികള്‍
തെല്‍ അവീവ്: ഇസ്രായേല്‍ മന്ത്രിസഭയിലെ തീവ്രവലതുപക്ഷക്കാരനായ ഇറ്റാമര്‍ ബെന്‍ഗ്വിറിനെതിരേ തെല്‍ അവീവ് ബീച്ചില്‍ ഇസ്രായേലികളുടെ രോഷപ്രകടനം. ഡസന്‍ കണക്കിന് ഇസ്രായേലികളാണ് വെള്ളിയാഴ്ച്ച കുടുംബാംഗങ്ങളുമായി തെല്‍ അവീവിലെ ഒരു ബീച്ചിലെത്തിയ ബെന്‍ഗ്വിറിനു നേരേ 'നിങ്ങള്‍ കൊലയാളിയാണ്. നിങ്ങള്‍ ബീച്ച് വിട്ടുപോവണം' എന്നാക്രോശിച്ച് പാഞ്ഞെത്തിയത്. 'നിങ്ങള്‍ കൊലയാളിയാണ്, ഭീകരനാണ്. നിങ്ങള്‍ മൂലം ഗസയില്‍ ബന്ദികള്‍ മരിച്ചു വീഴുമ്പോള്‍ ഈ ബീച്ചിലൂടെ നടക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു' ഇപ്രകാരം ഒരു ഇസ്രായേല്‍ പൗരന്‍ ബെന്‍ഗ്വിറിനോട് ചോദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഭടന്മാര്‍ മന്ത്രിയെ വലയം ചെയ്ത് പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. മന്ത്രിക്കു നേരെ മണ്ണ് വാരി എറിഞ്ഞതിന് ഒരു ഇസ്രായേലി വനിതയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.
Angry Israelis expelled National Security Minister Itamar Ben-Gvir from a beach in Tel Aviv calling him "Murderer".
— The Palestine Chronicle (@PalestineChron) September 6, 2024
"You are walking in the sea here while the kidnapped are killed in Gaza" pic.twitter.com/lM6QDgI5va
ഇതാദ്യമായല്ല ബെന്‍ഗ്വിര്‍ ഇസ്രായേലികളുടെ രോഷത്തിന് ഇരയാവുന്നത്. വെടിനിര്‍ത്തല്‍ കരാറിനും ഇസ്രായേലിനും ഹമാസിനുമിടയിലുള്ള ബന്ദികളുടെ കൈമാറ്റ ഉടമ്പടിക്കുമെതിരേ കടുത്ത നിലപാടുള്ളയാളായ ബെന്‍ഗ്വിര്‍ ഇസ്രായേലി പൗരന്മാരുടെ പ്രതിഷേധം നേരിടുന്നത് പതിവാണ്. ബീച്ചിലുണ്ടായിരുന്ന ഇസ്രായേലികള്‍ മന്ത്രിയും പരിവാരവുമെത്തിയപ്പോള്‍ 'കൊലയാളി' എന്നട്ടഹസിച്ച് പാഞ്ഞടുത്തത് അവരുടെ മനസ്സിലെരിയുന്ന ക്ഷോഭത്തിന്റെ ബഹിര്‍ഗമനമായിരുന്നു. 'തടവിലാക്കപ്പെട്ടവര്‍ ഗസയില്‍ മരിച്ചുവീഴുമ്പോള്‍ നിങ്ങള്‍ ഈ കടല്‍ത്തീരത്ത് ഉലാത്തുകയാണോ' എന്നായിരുന്നു അവരുടെ ചോദ്യം.
ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനവും ഇസ്രായേലും തമ്മിലുള്ള വെടി നിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് തെല്‍ അവീവ് വിട്ടുനില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം ബെന്‍ഗ്വിര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗസാ മുനമ്പില്‍ വൈദ്യുതി വിച്ഛേദിക്കുകയും ഇന്ധനം തടയുകയും ചെയ്തു. 'ഹമാസുമായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കുക' എന്ന് ബെന്‍ഗ്വിര്‍ എക്‌സില്‍ കുറിക്കുകയും ചെയ്തു. 'ആറ് ബന്ദികളെ പച്ചയ്ക്കു കൊന്ന ഒരു രാജ്യവുമായി എല്ലാ ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുക. അവര്‍ക്ക് വൈദ്യുതിയും ഇന്ധനവും നല്‍കുന്നത് തടയുക. അവര്‍ സ്വയം ഉപക്ഷിച്ചു പോവുന്നതുവരെ അവരെ ഞെരിച്ചമര്‍ത്തുക'-തെക്കന്‍ ഗസയിലെ റഫയിലുള്ള ഒരു തുരങ്കത്തില്‍ ആറ് ബന്ദികള്‍ കൊല്ലപ്പെട്ട നിലയില്‍ ഇസ്രായേല്‍ അധിനിവേശ സേന കണ്ടെത്തിയതിനെ തുടര്‍ന്ന് ബെന്‍ഗ്വിര്‍ പ്രതികരിച്ചതിങ്ങനെയാണ്.
ഗസാ മുനമ്പില്‍ ഇസ്രായേല്‍ തുടരുന്ന ബോംബിങിലാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് ഒരു പ്രസ്താവനയില്‍ സ്ഥിരീകരിച്ചിരുന്നു. ഗസയിലുടനീളം കഴിഞ്ഞ 11 മാസമായി ഇസ്രായേല്‍ നടത്തുന്ന ബോംബിങില്‍ ഒരു ഡസനോളം ബന്ദികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് മുമ്പും വെളിപ്പെടുത്തിയിരുന്നു. നൂറിലധികം ബന്ദികള്‍ ഗസയില്‍ ഹമാസിന്റെ തടവുകാരായുണ്ടെന്നാണ് ഇസ്രായേല്‍ കണക്കാക്കുന്നത്. അവരില്‍ ചിലര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇസ്രായേല്‍ സമ്മതിക്കുന്നു. വെടിനിര്‍ത്തലിനും തടവുകാരുടെ കൈമാറ്റത്തിനും ഗസയില്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കാനുമുള്ള ചര്‍ച്ചകളില്‍ ഹമാസിനെയും ഇസ്രായേലിനെയും ഒരു കരാറിലെത്തിക്കുന്നതിന് യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ മാസങ്ങളോളം ശ്രമം നടത്തിയിരുന്നു. എന്നാല്‍ യുദ്ധം നിര്‍ത്താനുള്ള ഉപാധിയായി ഹമാസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നെതന്യാഹുവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മധ്യസ്ഥ ശ്രമങ്ങള്‍ നിലച്ചുപോവുകയായിരുന്നു. ഇതിനിടെ ഇറാനില്‍ വച്ച് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതും അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തടസ്സമായി.
ഗസയില്‍ ആറ് ഇസ്രായേല്‍ പൗരന്മാരായ ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇസ്രായേലില്‍ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. തടവുകാരുടെ കൈമാറ്റത്തിന് സന്ധി സംഭാഷണം വേണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങള്‍ പങ്കെടുത്ത ഇരമ്പിയാര്‍ത്ത പ്രതിഷേധത്തിനു മുന്നിലും ഇസ്രായേല്‍ സര്‍ക്കാര്‍ ഹമാസുമായി ചര്‍ച്ചയില്ലെന്ന തങ്ങളുടെ പിടിവാശിയില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്.