കോഴിക്കോട് കരുമലയില്‍ യുവാവിനെയും പത്താം ക്ലാസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ബാലുശേരിക്കടുത്ത് ഉണ്ണികുളം കരുമലയില്‍ യുവാവിനേയും പത്താം ക്ലാസുകാരിയേയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂര്‍ പൂളക്കണ്ടി തൊട്ടില്‍ മീത്തല്‍ പരേതനായ അനില്‍കുമാറിന്റെ മകന്‍ ചൂരക്കണ്ടി അഭിനവ് (19), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷ് ബാബുവിന്റെ മകള്‍ ശ്രീലക്ഷ്മി (15) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കരുമല ചൂരക്കണ്ടി മലയില്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി ഗവ.വി.എച്ച്എസ്‌സി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവര്‍ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കോരങ്ങാട് ചപ്പാത്തിക്കമ്പനിയില്‍ ജോലിക്കാരനാണ് അഭിനവ്. അഭിനവിന്റെ വീടിന്റെ അടുത്തുള്ള മരക്കൊമ്പിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
താമരശ്ശേരി കോരങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. ബാലുശ്ശേരി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഭിനവിന്റെ മാതാവ്: വല്‍സല. സഹോദരങ്ങള്‍: അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ മാതാവ്: ബീന. സഹോദരന്‍: വൈഷ്ണവ്.