പൂജ ചെയ്ത് അസുഖം മാറ്റാമെന്ന് വാഗ്ദാനം; 82 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്‍
കൊച്ചി: പൂജ ചെയ്തു അസുഖം മാറ്റിക്കൊടുക്കാമെന്നു പറഞ്ഞ് പരിചയപ്പെട്ട ശേഷം, പ്രായംചെന്ന സ്ത്രീയെയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ മാതാവിനെയും മകളെയുമാണ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്ത് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ അലക്‌സ്(19) ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.
പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയം പ്രതിയായ അലക്‌സ് അവിടെ റൂം ബോയ് ആയിരുന്നു. പരാതിക്കാരിയുടെ ഹൃദയസംബന്ധമായ അസുഖവും മറ്റും മനസ്സിലാക്കിയ പ്രതി തനിക്ക് അസുഖം മാറ്റാനുള്ള പ്രത്യേക പൂജ അറിയാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചു. ആദ്യം തന്നെ ഇയാള്‍ പൂജ ചെയ്യാനും മറ്റാവശ്യങ്ങള്‍ക്കുമായി 9 ലക്ഷം കൈപ്പറ്റി. പിന്നീട് പല തവണകളായി ഇയാള്‍ 16 ലക്ഷം കൈവശപ്പെടുത്തിയിരുന്നു. പിന്നീട് പ്രതി പരാതിക്കാരിയുടെ മകളെ ചിറ്റൂര്‍ റോഡിലേക്ക് വിളിച്ചുവരുത്തി ഇനിയും കൂടുതല്‍ പൂജാകര്‍മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും കൂടുതല്‍ പണം വേണമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുത്തു. പിന്നീട് എടിഎം കാര്‍ഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം പിന്‍വലിച്ച് വിവിധ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്തു. തുടര്‍ന്നും പ്രതി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരാതിയുമായി ഡെപ്യൂട്ടി കമ്മീഷണര്‍ പൂങ്കുഴലിയുടെ ഓഫിസിലെത്തിയത്.
സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അപഹരിച്ച പണം കൊണ്ട് അലക്‌സ് പാനായിക്കുളത്ത് ഒരു വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും മറ്റും വാങ്ങിയിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന മുന്തിയ ഇനം വളര്‍ത്തു നായയെയും അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാങ്ങിയതായി കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍േദശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, അരുള്‍ എസ് ടി അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ദിനേശ്, സീനിയര്‍ സിപിഒ അനീഷ്, അജിത്ത് സിവില്‍ പോലിസ് ഓഫീസര്‍മാരായ ഇഗ്‌നേഷ്യസ്, ഇസഹാഖ്, ഫ്രാന്‍സിസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Young man arrested in fraud case in kochi