'മൗനം പ്രോത്സാഹനമാകുന്നു; വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതികരിക്കണം': മോദിക്ക് തുറന്ന കത്തുമായി വിദ്യാര്‍ഥികള്‍

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങളുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങളെ ശക്തിപ്പെടുത്തുകയും നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ ഉറച്ചുനില്‍ക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു'- വിദ്യാര്‍ത്ഥികളും അധ്യാപകരും കത്തിലൂടെ ആവശ്യപ്പെട്ടു.

Update: 2022-01-08 07:18 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങള്‍ക്കും ജാതി അധിഷ്ഠിത അക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് തുറന്ന കത്തെഴുതിയത്. പ്രധാനമന്ത്രിയുടെ മൗനം ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് ധൈര്യം നല്‍കുന്നുവെന്നും കത്തില്‍ ഒപ്പിട്ടവര്‍ കുറ്റപ്പെടുത്തി.

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങളുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങളെ ശക്തിപ്പെടുത്തുകയും നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ ഉറച്ചുനില്‍ക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു'- വിദ്യാര്‍ത്ഥികളും അധ്യാപകരും കത്തിലൂടെ ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഹിന്ദുത്വസംഘടനകളും സന്ന്യാസിമാരും സംഘടിപ്പിച്ച മതപാര്‍ലമെന്റില്‍ വംശഹത്യക്ക് ആഹ്വാനംചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളും അധികൃതരും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങളും മതവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കുള്ള ആഹ്വാനങ്ങളും ജാതിയടിസ്ഥാനത്തിലുള്ള ആക്രമണങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ പറയുന്നുണ്ട്.

മാന്യമായി മതം ആചരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കിയിട്ടുണ്ടെങ്കിലും രാജ്യത്ത് ഭീതിയുടെ നിഴലുണ്ടെന്ന് ഒപ്പിട്ടവര്‍ പറഞ്ഞു.

ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. രാജ്യത്തിന്റെ ഭീതിയുടെ അന്തരീക്ഷമാണെന്നും അവര്‍ കത്തില്‍ പറയുന്നു. ആരാധനാലയങ്ങള്‍ പോലും ആക്രമിക്കപ്പെടുന്നു. മൗനം ഭഞ്ജിച്ചുകൊണ്ട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പ്രതികരിക്കണമെന്ന് അവര്‍ പ്രധാനമന്ത്രിയോട് കത്തില്‍ അഭ്യര്‍ഥിക്കുന്നു

ഐഐഎം അഹമ്മദാബാദ്, ഐഐഎം ബംഗളൂരു എന്നിവിടങ്ങളിലെ 13 അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 183 പേരാണ് കത്തില്‍ ഒപ്പുവെച്ചത്.

Tags:    

Similar News