പാലക്കാട്: ആലത്തൂര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ യുവാവ് ചികില്‍സയിലിരിക്കെ മരണപ്പെട്ടു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടില്‍ രാജേഷാ(30)ണ് മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് രാജേഷ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വീട്ടമ്മ നല്‍കിയ പരാതിയില്‍ ഇരുവരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ച് ഇനി പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് എഴുതിനല്‍കിയ ശേഷം പറഞ്ഞയച്ചിരുന്നു. അല്‍പ്പസമയത്തിനു ശേഷം കാനില്‍ പെട്രോളുമായെത്തിയ രാജേഷ് പോലിസ് സ്‌റ്റേഷന്റെ മുന്നിലെത്തി തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞുവീണു. 90 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് മരണപ്പെട്ടത്. ചികില്‍സയിലിരിക്കെ മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിരുന്നു. മലേഷ്യന്‍ കപ്പലില്‍ ജീവനക്കാരനായിരുന്ന രാജേഷ് ആറുമാസം മുമ്പാണ് തിരിച്ചെത്തിയത്. കുറച്ചു കാലം ഒഡീഷയില്‍ ജോലി ചെയ്തിരുന്നു. രണ്ടു മാസമായി നാട്ടിലാണ്. പരേതരായ രാധാകൃഷ്ണന്‍-ഗീത എന്നിവരുടെ മകനായ രാജേഷ് അവിവാഹിതനാണ്. ഏക സഹോദരി രേഷ്മയെ വിവാഹം ചെയ്തയച്ച ശേഷം പത്തനാപുരത്തെ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച വീട്ടിലെത്തിക്കും.