തബ്‌ലീഗ് ജമാഅത്ത്: സീ ന്യൂസിന്റെ വ്യാജവാര്‍ത്ത തുറന്നുകാട്ടി പോലിസ്
തബ്‌ലീഗ് പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നായിരുന്നു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്
ഫിറോസാബാദ്: തബ്‌ലീഗ് ജമാഅത്തിനെതിരായ സീ ന്യൂസ് വ്യാജ വാര്‍ത്ത തുറന്നുകാട്ടി ഫിറോസാബാദ് പോലിസ്. വ്യാജവാര്‍ത്തക്ക് പിന്നാലെ പോലിസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വാര്‍ത്ത നീക്കം ചെയ്യാന്‍ സീ ന്യൂസ് നിര്‍ബന്ധിതരായി. കൊറോണ പോസിറ്റീവ് കണ്ടെത്തിയ ഫിറോസാബാദിലെ നാല് തബ്‌ലീഗ് പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നായിരുന്നു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.
സീ ന്യൂസ് പ്രചരിപ്പിച്ച വര്‍ഗീയപരമായ നുണപ്രചാരണം തുറന്നുകാട്ടാന്‍ ഫിറോസാബാദ് പോലിസ് അതിവേഗം പ്രതികരിച്ചു. നിങ്ങള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഫിറോസാബാദില്‍ മെഡിക്കല്‍ സംഘത്തിന് നേരെയോ ആംബുലന്‍സിനോ കല്ലെറിഞ്ഞ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. നിങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഉടന്‍ പിന്‍വലിക്കണമെന്ന് സീ ന്യൂസിന്റെ വ്യാജ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് ഫിറോസാബാദ് പോലിസ് പറഞ്ഞു.
സീ ന്യൂസ് മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ഫിറോസാബാദ് പോലിസില്‍ നിന്ന് സ്ഥിരീകരണം തേടിയപ്പോള്‍, സംശയാസ്പദമായ വാര്‍ത്ത പിന്‍വലിച്ചെന്ന് പോലിസ് മറുപടി നല്‍കി. അതിനു പിന്നാലെയാണ് സീ ന്യൂസ് തബ്‌ലീഗ് ജമാഅത്തിനെതിരായ വ്യാജ വാര്‍ത്ത പിന്‍വലിച്ചത്.
നിസാമുദ്ദീന്‍ മര്‍കസില്‍ നിന്ന് ഡല്‍ഹി പോലിസ് തബ്‌ലീഗ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചതുമുതല്‍, നിരവധി ദേശീയ മാധ്യമങ്ങള്‍ മുസ്‌ലിം സമുദായത്തിനെതിരേ നിരന്തരം നുണപ്രചാരണം നടത്തുകയാണ്. നേരത്തെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും നോയിഡ പോലിസ് ഇടപെട്ട് അത് പിന്‍വലിപ്പിക്കുകയുമായിരുന്നു.