റഫേലിന്റെ വില വിവരങ്ങളും അംബാനിയെ പങ്കാളിയാക്കിയതിന്റെ സാധുതയും സുപ്രിം കോടതി ആവശ്യപ്പെട്ടു

Update: 2018-10-31 06:22 GMT


ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വില വിവരങ്ങളും പദ്ധതിയില്‍ ഇന്ത്യന്‍ പങ്കാളിയായി അനില്‍ അംബാനിയെ തിരഞ്ഞെടുത്തത് എങ്ങിനെയെന്നും 10 ദിവസത്തിനകം വ്യക്തമാക്കണമെന്ന് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സീല്‍ ചെയ്ത കവറിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്.

കഴിഞ്ഞ വാദം കേള്‍ക്കലില്‍ റഫേല്‍ ഇടപാടിലെ തീരുമാനങ്ങളുടെ നടപടിക്രമം സംബന്ധിച്ച് വ്യക്തമാക്കാനാണ് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നത്. വില വിവരങ്ങളും ചെലവും സംബന്ധിച്ച് സീല്‍ ചെയ്ത കവറില്‍ സുപ്രിം കോടതിക്ക് സമര്‍പ്പിക്കണമെന്ന് ഇന്ന് രാവിലെ നടന്ന വാദം കേള്‍ക്കലില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഇത് അടുത്ത 10 ദിവസത്തിനകം സമര്‍പ്പിക്കണം.

വില വിവരങ്ങള്‍ പാര്‍ലമെന്റിന് പോലും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. മുന്‍സര്‍ക്കാരും അത്തരം വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഇത് സംബന്ധിച്ച സത്യവാങ്മൂലമോ നിയമപരമായ രേഖയോ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള യുദ്ധ വിമാന കരാര്‍ ചോദ്യം ചെയ്ത് മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ശൂരിയും സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. റഫേല്‍ നിര്‍മാതാവ് ഡാസോയുടെ ഇന്ത്യന്‍ പങ്കാളിയായി ഈ മേഖലയില്‍ പരിചയ സമ്പന്നരല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതിനെയും ഹരജി ചോദ്യം ചെയ്യുന്നു.

പുറത്തുവിടാന്‍ കഴിയുന്ന വിശദാംശങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. 36 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 59,000 കോടിയുടെ ഇടപാട് സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്‍ദുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കരാര്‍ പ്രഖ്യാപിച്ചത്്.
Tags:    

Similar News