ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രിംകോടതി. ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ്. വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വ്യക്തികളുടെ വ്യത്യസ്തമായ ഇഷ്ടങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും സുപ്രിംകോടതി വ്യക്തമാക്കി.
സ്വവര്‍ഗ ലൈംഗികത പിന്തുടരുന്ന സമൂഹത്തിനും മറ്റുള്ളവരെപ്പോലെ അവകാശങ്ങളുണ്ടെന്ന് വിധി പ്രസ്താവത്തിന് തുടക്കമിട്ട് കൊണ്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വിഷയത്തില്‍ എല്ലാ ജഡ്ജിമാരും യോജിപ്പിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ ഫാലി നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര തുടങ്ങിയവരാണ് ബെഞ്ചിലുള്ള മറ്റുള്ളവര്‍. ജൂലൈ 17ന് കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
പ്രകൃതി നിയമത്തിന് വിരുദ്ധമായി പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിരോധിക്കുന്ന നിയമാണ് 377ാം വകുപ്പ്.
ഡാന്‍സര്‍ നവ്‌തേജ് ജൗഹര്‍, മാധ്യമപ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ, ഷെഫ് റിതു ഡാല്‍മിയ, ഹോട്ടലുടമകളായ അമന്‍ നാഥ്, കേശവ് സൂരി, ബിസിനസ് എക്‌സിക്യൂട്ടീവ് ആയിഷ കപൂര്‍ എന്നിവര്‍ നല്‍കിയ അഞ്ച് ഹരജികളാണ് കോടതി പരിഗണിച്ചത്.
ഹരജികളില്‍ ഈ വര്‍ഷം ആദ്യത്തില്‍ നടന്ന നാലു ദിവസത്തെ വാദം കേള്‍ക്കലില്‍ ഹരജികളെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും തീരുമാനം കോടതിക്ക് വിടുന്നതായും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ജൂലൈയില്‍ കേസ് വിധി പറയാന്‍ മാറ്റിവയ്ക്കവേ ഉഭയസമ്മതമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചിരുന്നു. രണ്ടു പേരുടെയും സമ്മതപ്രകാരമാണെങ്കില്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ തെറ്റില്ലെന്ന സൂചനയാണ് കോടതി നല്‍കിയിരുന്നത്. അതേ സമയം, വിവാഹം, ദത്ത്, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ സങ്കീര്‍ണത സൃഷ്ടിക്കുന്നതായിരിക്കും ഇതു സംബന്ധമായ തീരുമാനം.
150 വര്‍ഷത്തിലധികം പഴക്കമുള്ള നിയമത്തിന്റെ ഭരണഘടനാ സാധുതയാണ് സുപ്രിം കോടതി പരിശോധിച്ചത്. ലോകത്തെ 23 രാജ്യങ്ങളില്‍ സ്വവര്‍ഗ ലൈംഗികത നിയമവിധേയമാണ്. മറ്റു പല രാജ്യങ്ങളും ആ വഴിയേ നീങ്ങുന്നതിനിടെയാണ് ഇന്ത്യയിലും ഇതു ചര്‍ച്ചയായിരിക്കുന്നത്.
1861ലെ നിയമപ്രകാരം സ്വവര്‍ലൈംഗിക ബന്ധം 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, 377ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കുന്നത് അപൂര്‍വ്വമാണെങ്കിലും പോലിസ് തങ്ങളെ പീഡിപ്പിക്കുന്നതിന് നിയമം ദുരുപയോഗം ചെയ്യുന്നതായി സ്വവര്‍ഗ പ്രേമികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു.
2009 ജൂലൈയില്‍ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കി ദില്ലി ഹൈക്കോടതി വിധി പറഞ്ഞു. എന്നാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ അധികാരം പാര്‍ലമെന്‍റിനെന്ന് ചൂണ്ടിക്കാട്ടി 2013 ഡിസംബര്‍ 11ന് ദില്ലി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ജി.എസ്.സിംഗ്‍വി അധ്യക്ഷനായ കോടതിയുടെ ആ വിധി രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.
അതിന് ശേഷം വന്ന തിരുത്തൽ ഹര്‍ജിയിൽ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പിന്നീട് 2016ൽ 377-ാം വകുപ്പിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി പുതിയ ഹര്‍ജികൾ സുപ്രീംകോടതിക്ക് മുമ്പാകെ എത്തി. ഈ ഹര്‍ജികളിലാണ് ഇപ്പോള്‍ വിധി വന്നരിക്കുന്നത്.