ബ്യൂണസ് ഐറിസ്: നിലവിലെ യൂത്ത് ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന 5000 മീറ്റര്‍ നടത്തത്തില്‍ സൂരജ് പന്‍വാറാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്. ഈ ഇനത്തിലെ രണ്ടാം ഘട്ട മല്‍സരത്തില്‍ ഇന്ത്യന്‍ താരം 20 മിനിറ്റ് 35.87 സെക്കന്റുകള്‍ കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയതോടെ രണ്ടാം സ്ഥാനത്ത് മല്‍സരം അവസാനിപ്പിച്ചു. ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും മികച്ച പ്രകടനം നടത്തിയതോടെയാണ് പന്‍വാറിനെ വെള്ളി മെഡലിനര്‍ഹനാക്കിയത്.
യൂത്ത് ഒളിംപിക്‌സിന്റെ പുതിയ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ രണ്ട് ഘട്ട മല്‍സരങ്ങളായാണ് നടക്കുക. എന്നാല്‍ നാല് കിലോ മീറ്റര്‍ ക്രോസ് കണ്‍ട്രിയെ ഈ വ്യവസ്ഥ ബാധിക്കില്ല. രണ്ട് ഘട്ടമായി നടക്കുന്ന മല്‍സരത്തില്‍ ഏറ്റവും മികച്ച ദൂരമോ അല്ലെങ്കില്‍ സമയമോ സ്വന്തമാക്കുന്ന താരത്തെ വിജയിയായി പ്രഖ്യാപിക്കും.
നേരത്തേ നടന്ന ആദ്യ ഘട്ടത്തില്‍ 17കാരനായ പന്‍വാര്‍ 20 മിനിറ്റ് 23 സെക്കന്റുകളോടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
രണ്ടാം ഘട്ടത്തില്‍ 20 മിനിറ്റ് 13 സെക്കന്റ് സമയത്തോടെ ഒന്നാമതെത്തിയ ഇക്വഡോര്‍ താരം ഒസ്‌കാറിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. പ്യൂര്‍ട്ടറിക്കോയുടെ യാന്‍ മൊറിയോയ്ക്കാണ് വെങ്കലം.
ഇതോടെ യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഡെല്‍ നേട്ടം 11 ആയി. നേരത്തേ മെഡല്‍ നേട്ടത്തില്‍ റെക്കോഡിട്ട ഇന്ത്യന്‍ അക്കൗണ്ടില്‍ മൂന്ന് സ്വര്‍ണവും എട്ട് വെള്ളിയുമാണുള്ളത്.
യൂത്ത് ഒളിംപിക്‌സ് കരിയറില്‍ അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന മൂന്നാം ഇന്ത്യന്‍ താരമാണ് പന്‍വാര്‍. 2010ലെ ഒളിംപിക്‌സില്‍ അര്‍ജുനും (പുരുഷ ഡിസ്‌കസ് ത്രോ) ദുര്‍ഗേഷ് ഖുമാറും (പുരുഷ 400 മീറ്റര്‍ ഹര്‍ഡില്‍സ്) വെളളി നേടിയിരുന്നു.
മെഡന്‍ നേടിയതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും ഗെയിംസിന് മുന്നോടിയായി കഠിന പരിശീലനം നടത്തിയതാണ് തന്നെ മെഡല്‍ നേടാന്‍ സഹായിച്ചതെന്നും ഇന്ത്യക്ക് താന്‍ സമ്മാനിക്കുന്ന ആദ്യ മെഡലാണിതെന്നും മല്‍സരശേഷം താരം പറഞ്ഞു.