സുദാനിലെ പ്രക്ഷോഭം
കലാപങ്ങളുടെ കാലം അറബ് ലോകത്ത് അവസാനിച്ചുകഴിഞ്ഞിട്ടില്ല. ഇപ്പോള്‍ സുദാനില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നുവരുന്നത്.
അറബ് വസന്തത്തിന്റെ കാലം കഴിഞ്ഞു. തുണീസ്യ മുതല്‍ ഈജിപ്ത് വരെ വിവിധ രാജ്യങ്ങളില്‍ അലയടിച്ച യുവജനപ്രക്ഷോഭം വലിയ രക്തച്ചൊരിച്ചിലിലാണ് കലാശിച്ചത്. കുറേ ഭരണാധികാരികളെ പുറത്താക്കിയെങ്കിലും അറബ് ദേശത്ത് കാര്യമായ രാഷ്ട്രീയമാറ്റത്തിനൊന്നും തിരികൊളുത്താന്‍ പ്രക്ഷോഭത്തിനു കഴിഞ്ഞില്ല.
പക്ഷേ, കലാപങ്ങളുടെ കാലം അറബ് ലോകത്ത് അവസാനിച്ചുകഴിഞ്ഞിട്ടില്ല. ഇപ്പോള്‍ സുദാനില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നുവരുന്നത്. തലസ്ഥാനമായ ഖര്‍ത്തൂമിലും മറ്റു നഗരങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് ഒരാഴ്ചയോളമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. പോലിസ് വെടിവയ്പിലും മറ്റും ഇതിനകം 60ഓളം പേര്‍ മരിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷനലും പറയുന്നു.
പ്രക്ഷോഭം തുടങ്ങിയത് കടുത്ത വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ്. വരുമാനത്തില്‍ പകുതിയും ഭക്ഷണം വാങ്ങാന്‍ മാത്രം ചെലവഴിക്കുകയാണ് സുദാനി കുടുംബങ്ങളില്‍ അധികവും. അത്രയും തീവിലയാണ് അവശ്യസാധനങ്ങള്‍ക്ക്.
കഴിഞ്ഞ 29 വര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനാവട്ടെ, നാട്ടുകാരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് കാര്യമായ വേവലാതിയൊന്നുമില്ല. അതിനാല്‍ ഇപ്പോള്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത് ഉമര്‍ രാജിവയ്ക്കണമെന്നാണ്. അതിനാവട്ടെ അദ്ദേഹം തയ്യാറുമല്ല. ജനങ്ങളും പോലിസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രക്ഷോഭം എങ്ങനെ അവസാനിക്കും എന്ന കാര്യം കണ്ടറിയണം. ഒരുകാര്യം ഉറപ്പാണ്: അടിച്ചമര്‍ത്തല്‍കൊണ്ടു മാത്രം അറബ് നാടുകളിലെ പ്രക്ഷോഭങ്ങെള ഇല്ലാതാക്കാന്‍ സാധ്യമല്ല. ജനങ്ങള്‍ അത്രയേറെ പ്രകോപിതരാണ്.