1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ഒരുവര്‍ഷം വാലിഡിറ്റി, 600 ജിബി ഡാറ്റ; ആകര്‍ഷകമായ ഓഫറുകളുമായി ബിഎസ്എന്‍എല്‍

Update: 2022-06-27 16:18 GMT

പുതിയ വരിക്കാരെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുകള്‍ അവതരിപ്പിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). സ്വകാര്യ ടെലികോം കമ്പനികളുമായി മല്‍സരിക്കുന്നതിന് നിരവധി പ്ലാനുകളാണ് ബിഎസ്എന്‍എല്‍ മുന്നോട്ടുവയ്ക്കുന്നത്. പുതിയ വരിക്കാരെ ആകര്‍ഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താനും ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ ആണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ഈ പ്ലാന്‍ രാജ്യത്തെ ഒന്നിലധികം സര്‍ക്കിളുകളില്‍ ലഭ്യമാണ്. ഈ പ്രീപെയ്ഡ് പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസം 100 എസ്എംഎസ്, കൂടാതെ 600 ജിബി ഡേറ്റ എന്നിവ ലഭിക്കും. ഈ ഡേറ്റ ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാവുമെന്നതാണ് പ്രത്യേകത. വലിയ ഓഫറുകള്‍ വാഗ്ദാനം ചെയ്‌തേക്കാമെങ്കിലും ബിഎസ്എന്‍എല്ലിന് ഇന്ത്യ മുഴുവന്‍ 4ജി നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമല്ല എന്നതാണ് പ്രധാന വെല്ലുവിളി.

എന്നാല്‍, ബിഎസ്എന്‍എല്‍ സിം ഫോണില്‍ പ്രാഥമിക സിമ്മായി ഉപയോഗിക്കുന്ന വരിക്കാര്‍ക്ക് മികച്ച ഓഫറാവും 1999 രൂപ പ്ലാന്‍. ഇന്നത്തെ മിക്ക പ്രീപെയ്ഡ് പ്ലാനുകളും 1.5 ജിബി, 2 ജിബി, അല്ലെങ്കില്‍ 3 ജിബി എന്നിങ്ങനെയുള്ള പ്രതിദിന ഡേറ്റാ പരിധിയിലാണ് വരുന്നത്. എന്നാല്‍, ഈ പുതിയ പ്ലാനില്‍ പരിധിയില്ലാതെ 600 ജിബി ഡേറ്റയും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം.

ഒരുദിവസം കൊണ്ട് വേണമെങ്കില്‍ 600 ജിബി ഡേറ്റ ഉപയോഗിക്കാം. അല്ലെങ്കില്‍ വര്‍ഷം മുഴുവനും അതിനനുസരിച്ച് ക്രമീകരിച്ചും ഉപയോഗിക്കാം. അതായത് ഉപയോക്താക്കള്‍ക്ക് ഒരു നിശ്ചിത ദിവസം ആവശ്യാനുസരണം ധാരാളം ഡാറ്റ ഉപയോഗിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കും. 600 ജിബി ഡേറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 80 കെബിപിഎസിലേക്ക് മാറും. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് പിആര്‍ബിടി, 30 ദിവസത്തേക്ക് ഇറോസ് നൗ എന്റര്‍ടൈന്‍മെന്റ്, 30 ദിവസത്തേക്ക് ലോക്ധൂണ്‍ ഉള്ളടക്കം എന്നിവയിലേക്ക് ആക്‌സസും ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ ഉറപ്പുനല്‍കുന്നു.

Tags:    

Similar News